പുതുനഗരം റെയിൽവേ സ്റ്റേഷൻ റോഡ് സഞ്ചാരയോഗ്യമാക്കണം
1443202
Friday, August 9, 2024 1:55 AM IST
പുതുനഗരം: പാലം ബസാർ-റെയിൽവേ സ്റ്റേഷൻ റോഡ് തകർന്ന് ഗർത്തങ്ങളുണ്ടായിരിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനയാത്ര ദുരിതത്തിലായിരിക്കുകയാണ്.
പുളിനിരക്കോട് ഭാഗത്ത് നിരവധി വീടുകളിലേക്കുള്ള പാതയാണ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത്.
ഈ പാതയുടെ കുറച്ചു ഭാഗം പുതുനഗരം റെയിൽവേയുടെ അധികാര പരിധിയിലും ബാക്കി സ്ഥലം പെരുവെമ്പ് പഞ്ചായത്ത് പരിധിയിലും ഉൾപ്പെട്ടതാണ്. ഗർത്തങ്ങളിൽ ഇടിച്ചിറങ്ങി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. ഗ്രാമസഭകളിൽ റോഡു നവീകരിക്കണമെന്ന് നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യം നടപ്പിലാവത്തതിൽ ജനകീയ പ്രതിഷേധവും നിലവിലുണ്ട്.
പുലർച്ചെ സമയങ്ങളിൽ തിരുച്ചെന്തൂർ പാസഞ്ചർ ട്രെയിനിലേക്ക് യാത്രക്കാർ ഈ റോഡിലൂടെ നടന്നു വരുന്നത് അപകടകെണിയിലാണ്.
തെരുവുവിളകൾ ഇല്ലാത്തതും ഗർത്തങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്.
കാർ ഉൾപ്പെടെ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ അടിഭാഗം റോഡിൽ ഇടിച്ച് കേടുപാടുകൾ ഉണ്ടാവുന്നതായി യാത്രക്കാർ പറഞ്ഞു.