പൊട്ടിപ്പൊളിഞ്ഞ് തൃപ്പാളൂർ-ചിറ്റലഞ്ചേരി റോഡ്, നടുവൊടിഞ്ഞ് യാത്രക്കാർ
1443200
Friday, August 9, 2024 1:54 AM IST
ആലത്തൂർ: തൃപ്പാളൂർ- ചിറ്റിലഞ്ചേരി റോഡിലെ ശോചനീയാവസ്ഥ മൂലം കാൽനട-വാഹനയാത്ര ദുരിതത്തിലായി. മഴ പെയ്തതോടെ പൊട്ടിപൊളിഞ്ഞ റോഡിലെ കുഴികളിൽ വെള്ളവും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്.
ഇരുചക്രവാഹനങ്ങൾ റോഡിലെ കുഴികളിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.
വ്യാഴാഴ്ച ഉച്ചയോടെ പുതിയങ്കം പോസ്റ്റ് ഓഫീസിന് സമീപം റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. കുറച്ച് കോറി വേസ്റ്റ് എങ്കിലും ഇട്ട് കുഴികൾ താത്ക്കാലികമായി അടച്ചാൽ യാത്രക്കാർക്ക് അത്രയും ആശ്വാസമാകുമായിരുന്നു.
എംഎൽഎ ഫണ്ട് ഉപയോഗിച്ച് പിഡബ്ല്യുഡി അഞ്ച് കോടി രൂപ മുടക്കി നിർമിച്ച റോഡാണിത്. റോഡിൽ പല ഭാഗങ്ങളിലും വീതി കുറവ് കാരണം ഗതാഗത കുരുക്കും ഇവിടെ പതിവാണ്. റോഡിലെ ശോചനീയാവസ്ഥ മൂലം ഇതിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നുണ്ട്.
റൂട്ട് ബസുകൾക്കാണ് അറ്റകുറ്റപണികൾക്കായി കൂടുതൽ തുക മാറ്റിവയ്ക്കേണ്ടി വരുന്നത്.
പുതിയങ്കം ഭാഗത്തെ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി വാർഡ് മെംബർ ലീലാ ശശി പലതവണ അധികൃതരോട് പരാതിപ്പെട്ടിരുന്നു.
തൃപ്പാളൂർ-നെന്മാറ, പോത്തുണ്ടി, നെല്ലിയാമ്പതി എന്നിവിടങ്ങിലേക്ക് എത്തിച്ചേരാനുള്ള എളുപ്പ മാർഗമായ റോഡ് എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.