മുടപ്പല്ലൂർ ടൗണിൽ അപകടഭീഷണിയായി വൻമരം
1442899
Thursday, August 8, 2024 1:51 AM IST
വടക്കഞ്ചേരി: മുടപ്പല്ലൂർ ടൗണിൽ മരംവീണ് ദുരന്തം സംഭവിക്കാൻ കാത്തിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. സംസ്ഥാനപാതയിൽ ഉണങ്ങി നിൽക്കുന്ന വൻമരം ഏതുസമയവും പൊട്ടിവീഴാമെന്ന സ്ഥിതിയിലാണിപ്പോൾ. ഇടയ്ക്കിടെ വാഹനങ്ങൾക്ക് മുകളിൽ മരക്കൊമ്പുകൾ പൊട്ടി വീണ് അപകടം ഉണ്ടാകുന്നുണ്ട്. ആളപായം ഉണ്ടായിട്ടില്ലെന്നു മാത്രം. കൊമ്പുകൾ പൊട്ടിവീണ് വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതും മുന്നിൽ മരക്കൊമ്പ് വീഴുന്നതുകണ്ട് വാഹനം പെട്ടെന്ന് നിർത്തിയും വെട്ടിച്ച് മറിഞ്ഞും പലർക്കും പരിക്കേറ്റിട്ടുണ്ട്.
എന്നാൽ അധികൃതരുടെ ദൃഷ്ടിയിൽ അതൊന്നും മരം മുറിച്ചു നീക്കാനുള്ളത്ര അപകടങ്ങളായിട്ടില്ല. അപകട ഭീഷണിയുള്ള മരങ്ങൾ ഉടനടി മുറിച്ചുനീക്കണമെന്നാണ് ജില്ലാ ഭരണകൂടവും പഞ്ചായത്തുകളുമെല്ലാം നിർദേശിച്ചിട്ടുള്ളത്. മരം വീണ് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ പിന്നെ മുകളിൽ നിന്നും പെട്ടെന്ന് ഉത്തരവ് വരും. മിനിറ്റുകൾക്കുള്ളിൽ മരം മുറിച്ചു നീക്കും. ഈ നടപടിക്ക് ആരാണ് ബലിയാടാകേണ്ടി വരിക എന്ന ഭയമാണ് വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും സമീപത്തെ കടക്കാർക്കുമുള്ളത്.
വൈദ്യുതി ലൈനും താഴെയുണ്ട്. പേടിച്ചു വേണം ഇതിനടിയിലൂടെ യാത്ര ചെയ്യാൻ. സംസ്ഥാന പാതയായതിനാൽ ചങ്ങലകണ്ണി പോലെയാണ് ഇതിനടിയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത്. കൂടാതെ നൂറുകണക്കിന് യാത്രക്കാരും ചുറ്റും കടകളുമുള്ള സ്ഥലത്താണ് ഇത്തരത്തിൽ വൻമരം ഉണങ്ങി ദ്രവിച്ച് നിൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ കാറ്റിലും മഴയിലും മരത്തിന്റെ കുറെ കൊമ്പുകൾ ഒടിഞ്ഞുവീണു.
വാഹനങ്ങൾക്കാണ് കൂടുതൽ കേടുപാടുകൾ സംഭവിച്ചത്. മരംവീണ് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും പൂർണ ഉത്തരവാദിത്വം അധികൃതർക്കാകുമെന്നും മരം മുറിച്ചുമാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് നേതാക്കളായ ഗഫൂർ മുടപ്പല്ലൂർ, ഷാനവാസ് എന്നിവർ ആവശ്യപ്പെട്ടു.
പലതവണ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ അധികൃതരുടെ കണ്ണ് തുറക്കാൻ സമരം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.