സ്വാതന്ത്ര്യദിനാഘോഷം കോട്ടമൈതാനത്ത്; മന്ത്രി എം.ബി.രാജേഷ് സല്യൂട്ട് സ്വീകരിക്കും
1442606
Wednesday, August 7, 2024 1:24 AM IST
പാലക്കാട്: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനത്തിന്റെ ജില്ലാതല ആഘോഷം ഓഗസ്റ്റ് 15ന് രാവിലെ ഒന്പതിനു പാലക്കാട് കോട്ടമൈതാനത്തു നടക്കും. തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.ബി. രാജേഷ് പതാക ഉയർത്തും.
തുടർന്ന് പരേഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിക്കും. ഹരിത പ്രോട്ടോകോൾ പാലിച്ചാകും ആഘോഷം. ആഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഡോ.എസ്. ചിത്രയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ആലോചനാ യോഗം ചേർന്നു.
എ.ആർ. ക്യാന്പ്, കെഎപി, ലോക്കൽ പൊലീസ് (വനിതാ, പുരുഷ വിഭാഗം), എക്സൈസ്, ഹോംഗാർഡ്, വാളയാർ ഫോറസ്റ്റ് സ്കൂൾ ട്രെയിനി, എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് ഉൾപെടെ 32 പ്ലാറ്റൂണുകൾ ഉൾപ്പെടുത്തി പരേഡ് നടത്തും.
എആർ ക്യാന്പ് കമാൻഡർ പരേഡ് നയിക്കും. കാണിക്കമാത കോണ്‍വന്റ് ജിഎച്ച്എസ്എസ്, നവോദയ സ്കൂൾ എന്നിവരുടെ ബാൻഡ് വാദ്യം ഉണ്ടായിരിക്കും.
10, 12, 13 തിയതികളിൽ കോട്ടമൈതാനത്ത് പരേഡ് പരിശീലനം നടക്കും. 10നും 12നും വൈകിട്ട് മൂന്നിനും 13ന് രാവിലെ 7.30നും പരിശീലനം ആരംഭിക്കും. സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറും. കോട്ടമൈതാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെയാണ് ആഘോഷം ആരംഭിക്കുക. കോട്ടമൈതാനത്ത് പതാക ഉയർത്തുന്നതോടെ എല്ലാ സർക്കാർ ഓഫീസുകളിലും പതാക ഉയർത്തും. എല്ലാ ഓഫീസുകളും അലങ്കരിക്കും. സിവിൽ സ്റ്റേഷന് മുൻവശത്തെ ഗാന്ധിപ്രതിമയിൽ പുഷ്പാലങ്കാരം നടത്തും.