പട്ടാമ്പി പാലത്തിലുടെയുള്ള വാഹനഗതാഗതം പുനരാരംഭിച്ചു
1442603
Wednesday, August 7, 2024 1:24 AM IST
ഷൊർണൂർ: നിയന്ത്രണങ്ങൾക്ക് വിധേയമായി പട്ടാമ്പി പാലം വീണ്ടും ഗതാഗതത്തിന് തുറന്നു കൊടുത്തു.
മുഹമ്മദ് മുഹ്സിൻ എംഎൽഎ, പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് പോലീസ് പാലം തുറന്നുകൊടുത്തത്.
ഭാരതപ്പുഴയിൽ ശക്തമായ കുത്തൊഴുക്കുണ്ടാവുകയും പട്ടാമ്പി പാലം നിറഞ്ഞൊഴുകുകയും ചെയ്ത സാഹചര്യത്തിലാണ് ജൂലൈ 30ന് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിച്ചത്.
തീവ്രമഴ ഭീഷണി നീങ്ങിയതിനെ തുടർന്ന് ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നിരുന്നു.
ഈ യോഗത്തിലാണ് നിയന്ത്രണങ്ങൾക്ക് വിധേയമായി പാലത്തിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാൻ തീരുമാനമെടുത്തത്.
കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയർ പട്ടാമ്പി പാലം നേരിൽ പരിശോധിച്ചിരുന്നതായും മഴയുടെ അളവ് കുറഞ്ഞതിനെ തുടർന്ന് പുഴയിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെന്നും പാലത്തിൽ നിലവിൽ കൈവരിയില്ലാത്തതു കൊണ്ട് വാഹനങ്ങൾ ഒറ്റവരിയായി സുരക്ഷിതമായി കടത്തിവിടാമെന്നും എഞ്ചിനീയർ അറിയിച്ചിരുന്നു. തുടർന്നാണ് പട്ടാമ്പി പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുവാൻ തീരുമാനിച്ചത്.