അട്ടപ്പാടി റോഡ് ഒന്നാംഘട്ട നിർമാണം അഞ്ചുമാസത്തിനകം പൂർത്തിയാകും
1442599
Wednesday, August 7, 2024 1:24 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് - ചിന്നത്തടാകം അന്തർസംസ്ഥാനപാത നവീകരണത്തിന്റെ ആദ്യഘട്ടം ഉടൻ പൂർത്തിയാകുമെന്ന് എൻ. ഷംസുദ്ദീൻ എംഎൽഎ.
അഞ്ചു മാസത്തിനുള്ളിൽ ഡിസംബർ 31നകം പൂർത്തികരിക്കുമെന്ന് കിഫ്ബി അറിയിച്ചതായി എംഎൽഎ പറഞ്ഞു.
അഞ്ചു കിലോമീറ്റർ ദൂരത്തിൽ ആദ്യഘട്ട ടാറിംഗ് നടത്താൻ നിശ്ചയിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ഇതുനടന്നില്ല.
ആനമൂളി മുതൽ മുക്കാലി വരെയുള്ള രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി 33 കോടിയുടെ എസ്റ്റിമേറ്റ് കിഫ്ബിക്കു സമർപ്പിച്ചിട്ടുണ്ട്. ഇതിന് ഉടൻ അനുമതിയാകും.
നേരത്തേ 22 കോടിരൂപയുടെ പ്രവൃത്തികൾ നടത്താനുള്ള തുകയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കലുങ്കളുടെ കാര്യം പ്രതിപാദിച്ചിരുന്നില്ല.
പുതുക്കിയ 33 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിക്കേണ്ടിവന്നത് ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലമാണ്. ജില്ലാ അതിർത്തിയായ കാഞ്ഞിരംകുന്ന് മുതൽ കുമരംപുത്തൂർ ചുങ്കംവരെ നിലവിലുള്ള സംസ്ഥാന പാത മലയോരഹൈവേയായി വികസിപ്പിക്കുന്നതിനു ടെൻഡറിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്.
അലനല്ലൂരിൽ വെള്ളിയാർ പുഴയ്ക്കുകുറുകെ കണ്ണംകുണ്ടിലെ പാലം നിർമാണം അനുമതിയുടെ വക്കിലാണ്.
ഇതിന്റെ കടലാസ് പണികൾ നടന്നുവരുന്നതായും വൈകാതെ തന്നെ പ്രവൃത്തി തുടങ്ങാൻ സാധിക്കുമെന്നും എംഎൽഎ അറിയിച്ചു. ഭീമനാട് ജിയുപി സ്കൂൾ, ഷോളയൂർ, അഗളി സ്കൂളുകളിലും കെട്ടിടനിർമാണ പ്രവർത്തനങ്ങൾ വൈകാതെ തുടങ്ങാനാകും.
മണ്ണാർക്കാട് ജിഎംയുപി സ്കൂൾ, തെങ്കര ഗവ.ഹയർ സെക്കൻഡറി സ്കൂൾ എന്നിവടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു.
തനതുഫണ്ട് വിനിയോഗിച്ച് കോട്ടോപ്പാടം വടശ്ശേരിപ്പുറം ഗവ. ഹൈസ്കൂളിൽ കെട്ടിട നിർമാണ പ്രവൃത്തികൾ ഡിസംബറോടെ ആരംഭിക്കാനാകും.
മണ്ഡലത്തിൽ വിവിധയിടങ്ങളിൽ പട്ടികവർഗക്കാർക്കായുള്ള അംബേദ്കർ ഗ്രാമം നിർമാണ പ്രവർത്തനങ്ങളും നടക്കുന്നതായും എംഎൽഎ അറിയിച്ചു. കിഫ്ബിയിൽനിന്നുള്ള ഒരു കോടി വിനിയോഗിച്ച് താലൂക്ക് ആശുപത്രിയിൽ കെട്ടിടം നിർമിക്കുന്ന പ്രവർത്തനങ്ങൾ രണ്ടുമാസത്തിനകം ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.