ബാക്ടീരിയൽ ഓലകരിച്ചിൽ രോഗം രൂക്ഷമാകുന്നു
1442597
Wednesday, August 7, 2024 1:24 AM IST
ആലത്തൂർ: കൃഷിഭവൻ പരിധിയിലെ പാടശേഖരങ്ങളിൽ ഓലകരിച്ചിൽ രോഗം വ്യാപകമാകുന്നു. ഇടവിട്ട് വെയിലും മഴയും ഉള്ള മൂടിക്കെട്ടിയ കാലാവസ്ഥയിൽ രോഗം അതിവേഗം വ്യാപിക്കുകയാണ്. മണ്ഡരിബാധിച്ച നെൽചെടിയിലെ മുറിവുകളിൽകൂടിയും രോഗം കൂടുതൽ വ്യാപിക്കുന്നുമുണ്ട്. രോഗം ബാധിച്ച പാടത്തെ മണ്ണിൽ, വെള്ളത്തിൽ, കളസസ്യങ്ങളിൽ, വരിനെല്ലിൽ, കൊയ്ത്തു കഴിഞ്ഞ പാടത്തെ വൈക്കോൽകുറ്റികളിൽ, നെൽവിത്തിൽ, ഇതിൽ എല്ലാംതന്നെ മൂന്നുമാസം നിലനിൽക്കാൻ ഈ ബാക്ടീരിയയ്ക്ക് കഴിവുണ്ട് . അനുകൂലമായ കാലാവസ്ഥയിൽ ബാക്ടീരിയ പെരുകി രോഗം അതിവേഗം പൊട്ടിപ്പുറപ്പെട്ടു വ്യാപിക്കുന്നു.
രോഗം ബാധിച്ച ഒരു പാടത്തുനിന്നും മറ്റുള്ള പാടങ്ങളിലേക്കു വെള്ളത്തിലൂടെയും രോഗം അതിവേഗം പടരുന്നു. ഇലയുടെ അറ്റത്തുനിന്നും ആരംഭിക്കുന്ന കരിച്ചിൽ നെല്ലോലയെ പൂർണമായും ബാധിക്കുകയും ഓലകൾ കരിഞ്ഞുനശിക്കുകയും ചെയ്യുന്നതാണ് രോഗലക്ഷണം. നെല്ലിന്റെ തണ്ടിന് ചുറ്റും അഴുകിയപോലെ കറുത്ത നിറത്തിൽ കാണപ്പെടുകയും തണ്ടും വേരുകളും ഉൾപ്പെടെ ഓരോ നുരിയും പൂർണമായി നശിക്കുകയും ചെയ്യുന്നു. കതിരുവരുന്ന സമയമാണെങ്കിൽ കൊതുമ്പോലകളിൽ കരിച്ചിൽ വന്നു കതിരു മുഴുവൻ പതിരാവുകയും ചെയ്യുമെന്നു കൃഷി ഓഫീസർ കെ.ശ്രുതി പറഞ്ഞു.