പരിസ്ഥിതിലോല കരടു വിജ്ഞാപനത്തിൽ വ്യക്തത വേണം: സംയുക്ത കർഷകസമിതി
1442593
Wednesday, August 7, 2024 1:24 AM IST
പാലക്കാട്: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം പുറപ്പെടുവിച്ച അഞ്ചാം കരടുപട്ടികയിലെ ഭൂപടത്തിൽ സംയുക്ത കർഷകസമിതി ആശങ്ക രേഖപ്പെടുത്തി.
പാലക്കാട്ടെ 14 വില്ലേജുകളാണ് പട്ടികയിൽ ഉള്ളത്. അതിർത്തിനിർണയത്തിന്റെ ഭാഗമായി പഞ്ചായത്ത്തലത്തിൽ തയാറാക്കിയ ഭൂപടങ്ങൾ (ഷേപ്പ് ഫയലുകൾ) കേന്ദ്രം പരിഗണിച്ചിട്ടുണ്ടോ എന്നു നിലവിൽ വ്യക്തതയില്ല.
ഇത്തരം കാര്യങ്ങൾ കർഷകർക്ക് വ്യക്തമാക്കാൻ സംസ്ഥാന പരിസ്ഥിതിവകുപ്പ് ഉടൻ നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. ജനകീയ പങ്കാളിത്തത്തോടെ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭൂപടങ്ങൾ (കീഹോൾ മാർക്കപ് ലാംഗ്വേജ്) ഫയലുകൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അടിയന്തര ഇടപെടൽ സംയുക്ത കർഷക സമിതി ആവശ്യപ്പെട്ടു.
കൃഷിസ്ഥലങ്ങളും മനുഷ്യവാസ പ്രദേശങ്ങളും പരിസ്ഥിതി ലോലത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കും എന്ന് ഉറപ്പു നല്‍കിയിരുന്ന സംസ്ഥാന സർക്കാർ പറഞ്ഞതൊന്നും കരടുവിജ്ഞാപനത്തിൽ പ്രതിഫലിക്കുന്നില്ല. ഇടുക്കിയിലും മറ്റ് ജില്ലകളിൽനിന്നും ഒഴിവാക്കിയ വില്ലേജുകൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്.
നിലവിൽ 123 വില്ലേജുകൾ ഉണ്ടായിരുന്നിടത്ത് പുതിയ വിജ്ഞാപനപ്രകാരം 131 വില്ലേജുകൾ ഉണ്ട്. അധികമായി കേരളത്തിലെ എട്ട് വില്ലേജുകൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടു എന്നതാണ് സംസ്ഥാന ഇടപെടലിന്റെ ഫലം എന്നു കർഷകസംഘടന ആരോപിച്ചു. സംസ്ഥാന പരിസ്ഥിതി വകുപ്പ് പരിസ്ഥിതിലോല മേഖലയിലെ ജനങ്ങൾക്കു നല്കിയ ഒരു വാഗ്ദാനങ്ങളും നിലവിൽ ഇറങ്ങിയ വിജ്ഞാപനത്തിൽ കാണുന്നില്ല.
അപകടകരമായ വ്യവസായങ്ങൾ ആരംഭിക്കുന്നതിനോ, ക്വാറികൾ പോലെ റെഡ് കാറ്റഗറിയിലുള്ള വ്യവസായങ്ങൾ ആരംഭിക്കുന്നതിനോ അല്ല കർഷകർ ഇളവു തേടുന്നതെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.
നിലവിൽ സ്ഥലത്തിന്റെ വില നഷ്ടപ്പെടാതിരിക്കാനും ലോണ്‍ പോലുള്ള സാന്പത്തിക വായ്പകൾ ലഭ്യമാകുന്നതിനും അടിസ്ഥാന സൗകര്യ വികസന സാധ്യതകൾ തടസപ്പെടാതിരിക്കുവാനും സാധാരണ ജനജീവിതം സാധ്യമാകുവാനുമാണ് മലയോരജനത പരിസ്ഥിതിലോല ഇളവ് ആവശ്യപ്പെടുന്നത്. ഗ്രാമസഭകൾ ചേർന്ന് മാപ്പിന്റെ വ്യാപ്തി പരിശോധിക്കുവാനും വരുംദിവസങ്ങളിൽ വിവിധ തലത്തിൽ പരാതി അറിയിക്കുവാനും ശക്തമായ കാർഷിക പ്രതിഷേധത്തിനും സംയുക്തസമിതി യോഗം തീരുമാനിച്ചു.
കർഷകസംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് അഡ്വ. തോമസ് കിഴക്കേക്കര, കർഷക സമിതി കണ്‍വീനർ അഡ്വ. ഫാ. ജോബി കാച്ചപ്പള്ളി, കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര, എകെസിസി രൂപത പ്രസിഡന്റ്് അഡ്വ. ബോബി പൂവത്തിങ്കൽ, സംയുക്ത സമിതി കോ-ഓർഡിനേറ്റർ ഫാ. സജി വട്ടുകളത്തിൽ, ജോമി മാളിയേക്കൽ, വിവേക് മാത്യു എന്നിവർ പ്രസംഗിച്ചു.