പട്ടാമ്പിപ്പാലം ഗതാഗതത്തിനു തുറന്നു കൊടുക്കണം: വി.കെ. ശ്രീകണ്ഠൻ എംപി
1442339
Tuesday, August 6, 2024 12:18 AM IST
ഷൊർണൂർ: അടച്ചിട്ട പട്ടാമ്പി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയാത്തത് സർക്കാരിന്റെ വീഴ്ചയാണെന്ന് വി.കെ ശ്രീകണ്ഠൻ എംപി. പട്ടാമ്പി പാലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ കൈവരികൾ തകർന്ന പാലം അപകടത്തിലാണെന്ന ആശങ്കയുണ്ട്. ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തെകൊണ്ട് അടിയന്തരമായി പാലത്തിന്റെ ബലക്ഷയം പരിശോധിക്കാൻ സർക്കാർ തയ്യാറാകണം.
പാലം അടച്ചിട്ട് അഞ്ച് ദിവസമായിട്ടും, പുഴയിലെ ജലനിരപ്പ് താഴ്ന്നിട്ടും ശാസ്ത്രീയമായ ഒരു പരിശോധനയും ഇതുവരെ നടന്നിട്ടില്ല. ഇത് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. പാലത്തിന്റെ കൈവരികൾ തകർന്നുപോയത് ഒഴിച്ചാൽ പ്രാഥമിക പരിശോധനയിൽ പാലത്തിന്റെ തൂണുകൾക്ക് കാര്യമായ ബലക്ഷയം ഒന്നുമില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചതെന്ന് എംപി പറഞ്ഞു.
പാലം അടച്ച പൊതുമരാമത്ത് അധികൃതർ പാലവുമായി ബന്ധപ്പെട്ട പരിശോധനകൾ പെട്ടെന്ന് നടത്തി പാലം തുറന്നുകൊടുക്കുവാനോ ബദൽ സംവിധാനം ഏർപ്പെടുത്തുവാനോ തയ്യാറാകണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ശ്രീകണ്ഠൻ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, പി.കെ. ഉണ്ണികൃഷ്ണൻ, കമ്മുക്കുട്ടി എടത്തോൾ, അഡ്വ. രാമദാസ്, കെ.ആർ. നാരായണസ്വാമി, ജിതേഷ് മോഴിക്കുന്നം, എ.പി. രാമദാസ്, ഉമ്മർ കിഴായൂർ പ്രസംഗിച്ചു.