മലയോരകർഷകരിൽ പ്രതീക്ഷയുണർത്തി കുരുമുളകുകൊടികളിൽ തിരി നിറയുന്നു
1442337
Tuesday, August 6, 2024 12:18 AM IST
വടക്കഞ്ചേരി: കർഷകർക്ക് പ്രതീക്ഷനൽകി കുരുമുളക് വള്ളികളിൽ തിരി നിറഞ്ഞു. ഏതാനും ദിവസമായി മഴവിട്ടുനിന്ന് വെയിൽ കിട്ടിയതും ഗുണകരമായിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടുമെന്ന കാലാവസ്ഥ പ്രവചനം ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും വള്ളികളിൽ തിരിയിടുന്നതിന്റെ പ്രതീക്ഷയാണ് കർഷകർ പങ്കുവക്കുന്നത്.
ആറു മാസക്കാലം കണക്കുകൂട്ടലുകൾ പിഴക്കരുത്. വിളവിനൊപ്പം വിലയും ഉയർന്നു നിൽക്കണം. എങ്കിൽ മാത്രമെ ഇപ്പോൾ തിരികളിലെ പ്രതീക്ഷ വരുമാനമായി മാറൂ. മേഖലയിലെ കർഷക കുടുംബങ്ങളിൽ പ്രത്യേകിച്ച് മലയോരങ്ങളിൽ ഒരു വർഷത്തെ കുടുംബ ബജറ്റ് തയ്യാറാക്കുന്നത് ഈ പച്ച വള്ളികളിലെ കറുത്ത പൊന്നിനെ ആശ്രയിച്ചാണ്. റബർ വിലയിലെ ചാഞ്ചാട്ടങ്ങൾ ബാലൻസ് ചെയ്ത് പോകുന്നത് കുരുമുളകിൽ നിന്നുള്ള വരുമാനം കൊണ്ടാണെന്നാണ് മലയോര കർഷകർ പറയുന്നത്. രാസവളപ്രയോഗമില്ലാതെ കുരുമുളക് കൃഷി നടത്തുന്ന മംഗലംഡാം മലയോര മേഖലയിലെ മുളകിന് മറ്റു മുളകിനേക്കാൾ കൂടുതൽ വിലയുണ്ട്. ഗുണമേന്മയിൽ മുന്നിൽ നിൽക്കുന്നതിനൊപ്പം ഇവിടുത്തെ കുരുമുളക് കാണാനും ചന്തം കൂടുതലാണ്.
ഉരുണ്ട് നല്ല കറുത്ത വലിയ മണിയാകും. വനത്തിനകത്തെ തളികകല്ലിലെ ആദിവാസികളും കുരുമുളക് തോട്ടം ഉടമകളായുണ്ട്. കാട്ടിലെ കറുത്ത മണ്ണിൽ സ്വാഭാവിക പരിചരണത്തിൽ വളർന്ന് വിളയുന്ന ഇവിടുത്തെ മുളകിന് വിപണിയിലും നല്ല ഡിമാന്റുമുണ്ട്. അരനൂറ്റാണ്ട് മുമ്പ് വയനാട്ടിൽ നിന്നും കൊണ്ടുവന്ന വള്ളികളുടെ വംശപരമ്പരകളാണ് ഇപ്പോഴുള്ളതും. കുഞ്ചിയാർപ്പതി ഇനം എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഇതിന്റെ കൂടതൈകളും വാങ്ങാൻ കിട്ടും. ഏറ്റവും കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതൽ കുരുമുളക് ഉണ്ടാകുന്ന മറ്റൊരു മലമ്പ്രദേശമാണ് പാലക്കുഴി എന്ന ജൈവഗ്രാമം. മലയോരങ്ങളിൽ കുരുമുളക് കൊടികളില്ലാത്ത വീടുകളോ തോട്ടങ്ങളോ ഉണ്ടാകില്ല. കുട്ടികളുടെ വിദ്യാഭ്യാസം മുതൽ വിവാഹം, വീട് പണികൾ, വാഹനം വാങ്ങൽ തുടങ്ങി എന്തും കുരുമുളകിന്റെ വിളവും വിലയും കൂട്ടിക്കിഴിച്ചാകും.
നല്ല വെയിൽ ലഭിക്കുന്ന നീർവാർച്ചയുള്ള മണ്ണിൽ കുരുമുളകുവള്ളികൾ കരുത്തോടെ വളരും. മുരിക്കോ മുരിങ്ങത്തണ്ടോ താങ്ങുതടിയായി കുത്തിക്കൊടുത്താൽ മതി. പലയിടത്തും റബർമരത്തിൽതന്നെ മുളകുവള്ളികൾ പിടിപ്പിച്ച് കൃഷി നടത്തുന്നവരുമുണ്ട്. റബർവില കുറഞ്ഞപ്പോഴാണ് റബറിനെ കർഷകർ താങ്ങുതടിയിലേക്ക് തരംതാഴ്ത്തിയത്. എന്നാൽ ഇപ്പോൾ രണ്ടിനും പ്രാധാന്യം നൽകുന്ന കർഷകരാണ് കൂടുതലും.