അനങ്ങൻമല തുരക്കുന്നു; വരാനിരിക്കുന്നതു വൻദുരന്തമെന്ന് മുന്നറിയിപ്പ്
1441766
Sunday, August 4, 2024 2:22 AM IST
ഒറ്റപ്പാലം: അനങ്ങൻ മല ഉരുൾ പൊട്ടൽ ഭീഷണിയിൽ. മലയടിവാരത്ത് താമസിക്കുന്നവർ കടുത്ത ഭീതിയിൽ. നേരത്തെ കനത്ത മഴയെ തുടർന്ന് അനങ്ങൻമലയിൽ മണ്ണിടിഞ്ഞിറങ്ങിയിരുന്നു. അനങ്ങൻ മലയിൽ നടക്കുന്ന അനധികൃത കരിങ്കൽ ക്വാറിയുടെ പ്രവർത്തനം മൂലം പ്രദേശത്ത് മൂന്നു വർഷത്തിനിടയിൽ ഒന്പത് ഉരുൾപൊട്ടൽ സംഭവിച്ചിട്ടുണ്ട്.
ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി മാത്രമാണ് നിർത്തിവെച്ചിരിക്കുന്നത്. ക്വാറിയുടെ പ്രവർത്തനം മൂലം വലിയ നാശനഷ്ടങ്ങൾ പ്രദേശത്ത് മുമ്പും ഉണ്ടാക്കിയിട്ടുണ്ട്. പനമണ്ണയുടെയും പത്തായപടിയുടെയും ഇടയിലാണ് സ്ഥിരമായി മണ്ണിടിയുന്നത്.
ജില്ലയിൽ ഒറ്റപ്പാലം താലൂക്കിലെ ഒറ്റപ്പാലം മുൻസിപ്പാലിറ്റി, അനങ്ങനടി ഗ്രാമപഞ്ചായത്ത്, തൃക്കടീരി ഗ്രാമപഞ്ചായത്ത്, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത്, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് തുടങ്ങിയ പ്രദേശങ്ങളിലായി 1370 ഹെക്ടർ സ്ഥലത്താണ് ചരിത്രപ്രാധാന്യമുള്ളതും പാരിസ്ഥിതിക പ്രാധാന്യമുള്ളതുമായ അനങ്ങൻമല സ്ഥിതി ചെയ്യുന്നത്.
പശ്ചിമഘട്ടമലനിരകളുടെ സമുച്ചയത്തിൽ നിന്ന് വേറിട്ട് നിൽക്കുമ്പോഴും പശ്ചിമഘട്ടത്തിൽ കാണുന്ന ജൈവവൈവിധ്യങ്ങളുടെ കലവറ തന്നെയാണ് അനങ്ങൻമലയും. 1940-41 വർഷങ്ങളിൽ അനങ്ങൻമലയിൽ വലിയൊരു ഉരുൾപ്പൊട്ടൽ സംഭവിച്ചിട്ടുള്ളതായി പഴമക്കാരുടെ ഓർമയിലുണ്ട്.
2018ലേയും 2019ലേയും പ്രളയത്തിലും 2020ലെ മഴക്കെടുതിയിലും നിലവിൽ ഡാർക്ക് സ്റ്റോൺ ക്വാറി പ്രവർത്തിക്കുന്നതിന് സമീപപ്രദേശങ്ങളിലും ഉരുൾപ്പൊട്ടലുകൾ ഉണ്ടാവുകയും ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ 2017ൽ എസ്ഇഐഎഎ നൽകിയ അനുമതി വച്ചാണ് ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിൽ അശാസ്ത്രിയമായ ഖനനം ഇപ്പഴും നടക്കുന്നത്.
2020 ആഗസ്റ്റ് ഏഴു മുതൽ 15 ദിവസം തുടർച്ചയായി ഖനനം നിർത്തിവെക്കാൻ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദേശത്തെ തുടർന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ ആഗസ്റ്റ് 15 വരെ മാത്രമാണ് ഖനനം നിർത്താൻ നിർദ്ദേശമുള്ളു എന്ന് വാദം നിരത്തി ആഗസ്റ്റ് 16ന് ഇരുപതോളം തവണ ക്വാറിയിൽ വലിയ ശബ്ദത്തിൽ സ്ഫോടനം നടത്തുകയുണ്ടായി.
തുടർന്ന് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് ഒറ്റപ്പാലം തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യു സംഘം സ്ഥലത്തെത്തി വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. അനങ്ങൻമലയുടെ ആകെ വിസ്തീർണത്തിന്റെ 80 ശതമാനത്തിലധികം (1100.34 ഹെക്ടർ ) ദുരന്ത സാധ്യതാ പ്രദേശമായി വിദഗ്ദർ വിലയിരുത്തുന്നുണ്ട്. ഇതിൽ 14.66 ഹെക്ടർ സ്ഥലത്താണ് നിലവിൽ ദുരന്തബാധിതപ്രദേശമായിട്ടുള്ളത്. ഇതിനടുത്താണ് ഡാർക്ക്സ്റ്റോൺ ലാൻഡ് ഡവലപ്പേഴ്സ് അശാസ്ത്രീയമായി ഖനനം നടത്തുന്നത്. ഇതേ അവസ്ഥയിൽ അനങ്ങൻമല തുരന്നാൽ മറ്റൊരു വലിയ ദുരന്തമാവും ഒറ്റപ്പാലത്തെയും കാത്തിരിക്കുന്നത്.