മഴക്കാലപകർച്ചവ്യാധികൾ: അതീവശ്രദ്ധ വേണം
1435897
Sunday, July 14, 2024 3:50 AM IST
പാലക്കാട്: മഴക്കാലമായതിനാൽ വിവിധതരത്തിലുള്ള പകർച്ചവ്യാധികൾ വരാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ അതീവ ശ്രദ്ധ ചെലുത്തണമെന്നും മസ്തിഷ്കജ്വരം, എലിപ്പനി, വൈറൽപനി പോലുള്ള രോഗങ്ങളെ കരുതിയിരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
അമീബിക് മെനിഞ്ചൈറ്റിസ്
അപൂർവമായി ഉണ്ടാകുന്ന ഈ രോഗം മലിനവെള്ളത്തിലൂടെയാണ് രോഗാണു മനുഷ്യരിലേക്ക് പടരുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തലച്ചോറ് തിന്നുന്ന അമീബ എന്ന് വിശേഷണമുള്ള ഈ രോഗാണുവിന്റെ സാന്നിധ്യം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. മൂക്ക്, കണ്ണ്, ചെവി, മറ്റു മുറിവുകൾ എന്നിവയിൽ കൂടിയാണ് മനുഷ്യശരീരത്തിൽ ഈ ഏകകോശജീവി പ്രവേശിക്കുക. നാഡീവ്യൂഹത്തെയും തലച്ചോറിനെയും നശിപ്പിക്കുന്നത് വഴി മരണംവരെ സംഭവിക്കാം. കടുത്തപനി, തലവേദന, വയറുവേദന, ഛർദി, ഓക്കാനം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ.
പിന്നീട് കഴുത്തുവേദനയും മാനസികാസ്വസ്ഥ്യവും അപസ്മാര ലക്ഷണങ്ങളും കാണിക്കാം. ജലാശയങ്ങളിലും നീന്തൽകുളങ്ങളിലും മുങ്ങിക്കുളിക്കുകയോ ചാടിക്കുളിക്കുകയോ ചെയ്യുന്പോൾ ആണ് അമീബ പ്രധാനമായും മൂക്കിലൂടെ തലച്ചോറിൽ എത്തുന്നത്. അമീബിക് മെനിഞ്ചൈറ്റിസിനെ പ്രതിരോധിക്കുന്നതിനായി കുളിക്കുന്പോൾ തല ഉയർത്തിപ്പിടിച്ച് വെള്ളത്തിൽ മുങ്ങാത്ത രീതിയിൽ കുളിക്കുക, ശരീരത്തിലേക്ക് അമീബ പ്രവേശിക്കുന്നതിന് തടസമായി വായ്, ചെവി, കണ്ണ് എന്നിവ മൂടുക, നീന്തൽകുളങ്ങൾ, ഫ്ളാറ്റിലും ഹോട്ടലുകളിലും ഉള്ള പൂളുകൾ എന്നിവ കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ നടത്തുക, എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ എത്രയും വേഗം ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുക.
എലിപ്പനി
മലിനജലത്തിലോ ചെളിയിലോ നടക്കേണ്ടി വരികയോ പണിയെടുക്കേണ്ടി വരുകയോ ചെയ്യുന്ന എല്ലാവരും എലിപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള ഡോക്സിസൈക്ലിൻ ഗുളിക ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു. ഡോക്സിസൈക്ലിൻ ഗുളിക എല്ലാ ആരോഗ്യ കേന്ദ്രത്തിലും സൗജന്യമായി ലഭിക്കും. ലക്ഷണങ്ങൾ ഉണ്ടായാൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുകയും മലിനജലവുമായി ഇടപെടേണ്ടി വന്ന വിവരം പ്രത്യേകം സൂചിപ്പിക്കുകയും വേണം.
ഡെങ്കിപ്പനി
ജില്ലയിൽ ഡെങ്കിപ്പനി കേസുകളുടെ എണ്ണം കൂടുന്നതിനാൽ കൊതുക് നിവാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഞായറാഴ്കളിൽ വീടുകളിലും ഡ്രൈഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു. ഡെങ്കിപ്പനി വരാതിരിക്കുന്നതിന് കൊതുക് കടി ഏൽക്കാതിരിക്കുന്നതിനുള്ള മുൻകരുതുകൾ സ്വീകരിക്കണം.
കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിർത്തുന്നത് ഒഴിവാക്കുക, ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായവയും പറന്പിൽ അലക്ഷ്യമായി കിടക്കുന്ന വസ്തുക്കൾ എന്നിവ ആഴ്ചയിൽ ഒരിക്കൽ നീക്കം ചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക. ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികളുടെ അടിയിലെ പാത്രം, മണിപ്ലാന്റ് വളർത്തുന്ന പാത്രങ്ങൾ, വാട്ടർ കൂളറുകൾ എന്നിവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കുക.
വെള്ളം അടച്ച് സൂക്ഷിക്കുക, ജലസംഭരണികൾ കൊതുക് കടക്കാത്ത രീതിയിൽ വലയോ തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക, കൊതുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക, ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, ജനലുകളും വാതിലുകളും കൊതുക് കടക്കാതെ അടച്ചിടുക, പകൽ ഉറങ്ങുന്പോഴും കൊതുകുവല ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാവുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.