പാലക്കാട് നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന
1435550
Saturday, July 13, 2024 12:28 AM IST
പാലക്കാട്: നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. കെഎസ്ആർടിസി ബസ്സ്റ്റാൻഡ്, യാക്കര പ്രദേശങ്ങളിലെ ഭക്ഷണശാലകളിലാണ് പരിശോധന നടത്തിയത്. ഭക്ഷണത്തിന്റെ നിലവാരം, കുടിവെള്ള ശുചിത്വം, ജീവനക്കാരുടെയും സ്ഥാപനത്തിന്റെയും ശുചിത്വം എന്നിവയാണ് പരിശോധിച്ചത്.
മൂന്ന് സ്ഥാപനങ്ങളിൽ പഴകിയ ഭക്ഷണവും ശുചിത്വകുറവും കണ്ടെത്തി. ഈ സ്ഥാപനങ്ങൾക്ക് 16,000 രൂപ പിഴ ചുമത്തി. മുന്നറിയിപ്പ് നോട്ടീസും നൽകിയതായി അധികൃതർ അറിയിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എസ്. സജേഷ് മോൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി. ലക്ഷ്മി, ആർ. മനു, പി. വി. നിഷ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.
ഒറ്റപ്പാലത്ത് ഫിഷറീസ് വകുപ്പും, ഭക്ഷ്യസുരക്ഷാ വിഭാഗവും ഒറ്റപ്പാലം മേഖലയിൽ മത്സ്യ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
പരിശോധനയിൽ 60 കിലോ പഴകിയ പച്ചമത്സ്യം പിടികൂടി നശിപ്പിച്ചു. ഒറ്റപ്പാലം, വാണിയംകുളം, കുളപ്പുള്ളി പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലായിരുന്നു പരിശോധന നടത്തിയത്. ചൂര, തളയൻ, പാര, ആവോലി, റോഹു, വറ്റ ഉൾപ്പെടെയുള്ള മീനുകളാണ് പിടിച്ചെടുത്തത്. ദിവസങ്ങളോളം പഴക്കമുള്ളതായി കരുതുന്ന മത്സ്യങ്ങൾ അഴുകി തുടങ്ങിയ നിലയിലായിരുന്നു. പ്രാഥമിക ഘട്ടം എന്ന നിലയിലുള്ള ഇളവ് പരിഗണിച്ച് വ്യാപാരികൾക്ക് താക്കീത് നൽകിയിരിക്കുകയാണ് അധികൃതർ. ഇനി ആവർത്തിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകി. അതേസമയം പരിശോധനയിൽ ചില സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസ് പുതുക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
എത്രയും വേഗം ലൈസൻസ് പുതുക്കുന്നതിന് ഇവർക്ക് നിർദേശം നൽകി. വിവിധ സ്ഥാപനങ്ങളിൽ നിന്നായി 28 സാന്പിളുകൾ ശേഖരിച്ചതിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മൊബൈൽ ലാബിൽ പരിശോധന നടത്തി. പരിശോധനയിൽ ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തി. ജില്ലാ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കെ. സബ്ന, ഫിഷറീസ് ഓഫീസർ സുധി ആർ. നായർ, ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഡോ. ഒ.പി. നന്ദകിഷോർ, ഹിഷാം അബ്ദുള്ള, ഓഫീസ് അസിസ്റ്റന്റ് വി. ഉമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.