തെരുവുനായ ഇടിച്ച് ബൈക്ക് മറിഞ്ഞ് രണ്ടുപേർക്കു പരിക്ക്
1435549
Saturday, July 13, 2024 12:28 AM IST
വണ്ടിത്താവളം: പള്ളിമൊക്ക് -ചുള്ളിപ്പെരുക്കമേട് സംസ്ഥാന പാതയിൽ പാറക്കളം വളവിനു സമീപം തെരുവ്നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഗോപാലപുരത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ബൈക്ക് യാത്രികർ. അപകടസ്ഥലത്തുണ്ടായിരുന്നവർ ഇരുവരേയും സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇന്നലെ പകൽ 12.30 നാണ് അപകടം.
വണ്ടിത്താവളം സ്കൂളിലേക്ക് വിദ്യാർഥികൾ ഇതുവഴി സഞ്ചരിക്കുന്നത് രക്ഷിതാക്കൾക്കൊപ്പമാണ്. ടൗണിൽ വ്യാപാരസ്ഥാപനങ്ങൾക്കു മുന്നിലും നിർത്തിയിട്ട വാഹനങ്ങൾക്കടിയിലുമാണ് നായകൾ തമ്പടിക്കുന്നത്. വാഹനങ്ങൾ വരുമ്പോൾ പെട്ടെന്ന് ചാടി വീഴുന്നതാണ് അപകടത്തിനു കാരണമാവുന്നത്. മുന്പ് പേയിളകിയ നായ ഓട്ടോ ഡ്രൈവർ, വിദ്യാർഥി, വയോധികൻ ഉൾപ്പെടെ പതിനഞ്ച് പേരെ കടിച്ച സംഭവം നടന്നിരുന്നു. നായപിടിത്ത നിരോധനം നിലവിലുള്ളതിനാൽ ഇടപെടാനാവില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതർ. തെരുവ്നായ പ്രശ്നത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന ജനകീയാവശ്യം ശക്തമാണ്.