കാട്ടാനഭീതി ഒഴിയാതെ തിരുവിഴാംകുന്ന് മേഖല
1435548
Saturday, July 13, 2024 12:28 AM IST
മണ്ണാർക്കാട്: രാത്രികാലമായാൽ ജനവാസമേഖലയിൽ ഇറങ്ങി ഭീതി പടർത്തും. പിന്നെ കൃഷി നശിപ്പിക്കും. ആവശ്യത്തിന് തീറ്റ കിട്ടിയാൽ റോഡിലൂടെ തലങ്ങും വിലങ്ങും നടക്കും. കഴിഞ്ഞ ഒരു മാസക്കാലമായി തിരുവിഴാംകുന്ന് മേഖലയിൽ ഇറങ്ങുന്ന കാട്ടാനകൾ ചെയ്യുന്ന പ്രവൃത്തി ഇതാണ്.
ഇതുമൂലം രാത്രി പുറത്തിറങ്ങാൻ കഴിയാതെ പ്രദേശവാസികളും ബുദ്ധിമുട്ടിലായി. ആനപ്പേടിമൂലം വീടും സ്ഥലവും ഉപേക്ഷിച്ച് താമസം മാറ്റിയ പ്രദേശവാസികളും ഉണ്ട്. കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന്, തോട്ടപ്പായി, കാരാപ്പാടം പ്രദേശങ്ങളിലാണ് കാട്ടാനകൾ വ്യാപകമായി പ്രദേശവാസികളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്നത്. കാട്ടാനകളെ കാടുകയറ്റി പ്രദേശവാസികളും ദ്രുതകർമസേനയും ബുദ്ധിമുട്ടിലായിരിക്കുകയാണ്. കഴിഞ്ഞദിവസം തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് എം. ജഗദീഷിന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാട്ടാനകളെ കാട് കയറ്റുന്നതിന് അടിയന്തര നടപടി അധികൃതർ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. വ്യാഴാഴ്ച അർധരാത്രിയോടെ വീണ്ടും കാട്ടാനകൾ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങി. വനംവകുപ്പിന്റെ നേതൃത്വത്തിൽ കാട്ടാനകളെ കാടുകയറ്റാനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.