അതിർത്തിപ്രദേശങ്ങളിൽ പുകവലിയുടെ തമിഴ്സ്റ്റൈൽ!
1435235
Friday, July 12, 2024 12:28 AM IST
ചിറ്റൂർ: താലൂക്കിൽ തമിഴ്നാടൻ അതിര്ത്തിപങ്കിടുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ചും തമിഴ് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ ഇപ്പോഴും പൊതുഇടങ്ങളിലെ പുകവലിക്കു വിലക്കില്ല.
തമിഴ്നാട്ടിലെങ്ങനെയോ അങ്ങനെത്തന്നെ ഇവിടെയും എന്ന നിലപാടാണ് പുകവലിക്കാർക്ക്. അതിർത്തിപ്രദേശങ്ങളിൽ പൊതുനിരത്തിലൂടെ പുകവലിച്ചു നടന്നുപോകുന്നവരെ പിടികൂടാനോ പിഴയീടാക്കാനോ പോലീസ് മടിക്കുന്നതും നിത്യസംഭവമാണ്.
പണ്ടത്തെ ചെക്പോസ്റ്റിന്റെ അപ്പുറം തമിഴ്നാടും ഇപ്പുറം കേരളവുമാണ്. പക്ഷേ, രണ്ടുവശങ്ങളിലെയും പുകവലിസംസ്കാരത്തിന് ഒരേനിറമാണ്, ഒരേ പുകയാണ്.
കേരളത്തിൽ കർശനനിയമമുണ്ടെങ്കിലും തമിഴ്നാട് ഭാഗത്തു കർശനമല്ലെന്നു പ്രദേശത്ത് എത്തുന്നവർക്കു മനസിലാകും. അവിടത്തെ വ്യാപാരികൾ ഉദാരമായി സിഗരറ്റ്, പുകയില ഉത്പന്നങ്ങൾ വിൽക്കുന്പോൾ, ഇവിടെ ആരുംകാണാതെയുള്ള കച്ചവടമാണ്.
എങ്കിലും രണ്ടുഭാഗത്തും പൊതുസ്ഥലത്തെ പുകവലിക്കും വില്പനയ്ക്കും കുറവൊന്നുമില്ല. നിയന്ത്രണങ്ങളുണ്ടായിട്ടും കേരള അതിർത്തിയിലെ കച്ചവടക്കാർ സിഗരറ്റും ബീഡിയും വില്ക്കുകയും കൊളുത്താൻ തീയും നൽകുന്നുണ്ട്.
നിയമങ്ങളൊന്നും തങ്ങൾക്കു ബാധകമല്ലെന്ന തരത്തിൽ പ്രതികരിക്കുന്ന വ്യാപാരികളെയും ഉപഭോക്താക്കളെയും ഇവിടെ കാണാം. രക്ഷിതാക്കൾക്കുവേണ്ടി ബീഡിയും സിഗരറ്റും വാങ്ങാനെത്തുന്ന കുട്ടികളും കുറവല്ല.
18 വയസിൽതാഴെയുള്ള കുട്ടികൾക്കു ഇവയൊന്നും നല്കില്ലെന്നു നിയമപ്രകാരമുള്ള മുന്നറിയിപ്പ് എഴുതിവച്ചിട്ടുണ്ടെങ്കിലും വ്യാപാരികൾതന്നെ ഇതു പാലിക്കാറില്ല.
പുതുതലമുറയിലെ കുട്ടികളിൽ സിഗരറ്റ്, ബീഡിവലി കുറവാണെന്നു വിലയിരുത്തുന്പോഴും കഞ്ചാവ്, മയക്കുമരുന്നു ദുരുപയോഗത്തിലേക്ക് എത്തിപ്പെടാറുണ്ടെന്നത് എക്സൈസ് അടക്കമുള്ള അധികൃതരും വിസ്മരിക്കുന്നില്ല.
റെയ്ഡുകൾ നടത്തിയിട്ടും പുകയില ഉത്പന്നങ്ങൾ സുലഭമായി അതിർത്തികടന്നെത്തുന്നത് എക്സൈസിനു വെല്ലുവിളിയാണ്.
എത്ര പിടികൂടിയാലും എതിന്റെ പതിന്മടങ്ങ് പുകയില ഉത്പന്നങ്ങളും മയക്കുമരുന്നു വസ്തുക്കളും അതിർത്തി ചെക്പോസ്റ്റുകളിലൂടെ ഒഴുകുന്നതു വല്ലാത്തൊരു വെല്ലുവിളിയാണ്.
സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ പലപ്പോഴും പാളുന്നതായും പുകവലി, കഞ്ചാവ്, മയക്കുമരുന്ന് ദുരുപയോഗത്തിൽ പിടിക്കപ്പെടുന്നതിലധികവും വിദ്യാർഥികളാണെന്നതും കേസടക്കമുള്ള തുടർനടപടിക്കു എക്സൈസ്, പോലീസ് സംഘങ്ങൾക്കു വിലങ്ങുതടിയാകുന്നുണ്ട്.