എലിപ്പനിക്കെതിരെ ജാഗ്രത വേണം: ഡിഎംഒ
1435233
Friday, July 12, 2024 12:28 AM IST
പാലക്കാട്: ജില്ലയിൽ എലിപ്പനി മരണം പ്രതിരോധിക്കുന്നതിനും മഴക്കാലത്തെതുടർന്ന് ശുചീകരണകാർഷിക പ്രവൃത്തികൾ ഉൗർജിതമായി നടപ്പാക്കുന്ന സാഹചര്യത്തിലും എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രവും വിസർജ്യങ്ങളുംവഴി പകരുന്ന രോഗമാണ് എലിപ്പനി. ഇവയുടെ മൂത്രവും വിസർജ്യവും വഴി മണ്ണിലും വെള്ളത്തിലും എത്തുന്ന രോഗാണുക്കൾ മുറിവുകൾവഴി ശരീരത്തിൽ എത്തിയാണ് രോഗം ഉണ്ടാവുന്നത്.
ലക്ഷണങ്ങൾ
ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശിവേദനയും ആണ് ലക്ഷണങ്ങൾ. കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തലക്ഷണങ്ങൾ എന്നിവയും കണ്ടേക്കാം.
എങ്ങനെ പ്രതിരോധിക്കാം?
കാർഷിക പ്രവൃത്തികളിലോ ശുചീകരണ പ്രവർത്തനങ്ങളിലോ ഏർപ്പെടുന്നവർ കട്ടിയുള്ള ഗംബൂട്ടുകൾ, കൈയുറകൾ എന്നിവ ധരിക്കുക.
കൈകാലുകളിലും മറ്റ് ശരീരഭാഗങ്ങളിലും മുറിവുള്ളവർ മുറിവ് ഉണങ്ങുന്നതുവരെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്.
ജോലിയുടെ ഭാഗമായി ഈ പ്രവൃത്തികൾ ഒഴിവാക്കാൻ ആവില്ലെങ്കിൽ ആന്റിസെപ്റ്റിക് ഓയിന്റ്മെന്റ് വച്ച് മുറിവ് ഡ്രസ് ചെയ്തശേഷം ഗംബൂട്ടുകളും കൈയുറകളും ധരിച്ച് ജോലിക്കു പോവുക.
ജോലിചെയ്യുന്ന കാലയളവിൽ എലിപ്പനിക്കെതിരെയുള്ള രോഗപ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഗുളികകൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കുക.
പനിയും മറ്റുമായി ചികിത്സ തേടുന്പോൾ മലിനജലവുമായി സന്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ അത് ആരോഗ്യപ്രവർത്തകരെ പ്രത്യേകം അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.