പന്നിയങ്കരയിലെ ടോൾവിഷയം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒത്തുകളിയെന്നു കോൺഗ്രസ്
1435013
Thursday, July 11, 2024 1:01 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് സൗജന്യ പാസ് വിഷയത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളും കരാർകമ്പനിയും തമ്മിലുള്ള ഒത്തുകളികളാണ് നടക്കുന്നതെന്ന് കോൺഗ്രസ് വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റി അരോപിച്ചു.
ടോൾ പ്ലാസയുടെ പത്തു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്കു സൗജന്യ പാസ് എന്നത് നിയമാനുസൃത അവകാശമാണ്.
അടുത്തുള്ള തൃശൂർ പാലിയേക്കര ഉൾപ്പെടെയുള്ള ടോൾ പ്ലാസകളിൽ ഇതു നടപ്പിലാക്കുന്നുമുണ്ട്. എന്നാൽ പന്നിയങ്കരയിൽ മാത്രം സൗജന്യ പാസ് അനുവദിക്കില്ലെന്ന ടോൾ കമ്പനിയുടെ നിലപാട് അംഗീകരിക്കാനാകില്ല.
സൗജന്യ പാസ് എന്നത് അവകാശമാണെന്നിരിക്കെ അതിൻമേൽ ചർച്ച നടത്തുന്നതുതന്നെ പ്രഹസനമാണ്. വിഷയത്തിലുള്ള ജനവികാരത്തിന് മുൻഗണന നൽകണം.
തിരുവനന്തപുരത്തോ ന്യൂഡൽഹിയിലോ ചർച്ച നടത്തി എന്ത് തീരുമാനം എടുത്താലും പ്രദേശവാസികളിൽനിന്നും അന്യായമായി ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് യോഗം മുന്നറിയിപ്പു നൽകി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ് അധ്യക്ഷത വഹിച്ചു.
പി.എ. ഇസ്മായിൽ, റെജി കെ.മാത്യു, ബാബു മാധവൻ, എം.എസ്. അബ്ദുൾ ഖുദൂസ്, ഇല്യാസ് പടിഞ്ഞാറെകളം, ആർ. ഉദയകുമാർ, പി.വി. ഇസ്മായിൽ, അബ്ദുൾ റഹ്മാൻ, എം.എൻ. സോമൻ, കെ. മോഹൻദാസ്, ശിവദാസൻ കണ്ണമ്പ്ര, സുദേവൻ, എ. ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.