കോയമ്പത്തൂർ ജില്ലാ കളക്ടറുടെ ഓഫീസിൽ വൃദ്ധന്റെ ആത്മഹത്യാശ്രമം
1431401
Tuesday, June 25, 2024 12:14 AM IST
കോയമ്പത്തൂർ: മകനും മകന്റെ ഭാര്യാപിതാവും ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വൃദ്ധൻ ജില്ലാ കളക്ടറുടെ ഓഫീസിനു മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു. കിണത്തുക്കടവ് താലൂക്കിലെ കണിയാംപാളയം സ്വദേശി കുപ്പുസാമി (72) ആണ് ആത്മഹത്യാശ്രമം നടത്തിയത്.
കണിയാംപാളയം, വക്കുടംപാളയം വില്ലേജുകളിലായി 32 ഏക്കറോളം ഭൂമിയാണ് കുപ്പുസ്വാമിക്ക് സ്വന്തമായുള്ളത്. ഇതിൽ 24 ഏക്കർ മകൻ കൃഷ്ണരാജിന്റെ പേരിൽ എഴുതികൊടുത്തു. ബാക്കിയുള്ള 8 ഏക്കർ സ്ഥലത്ത് കുപ്പുസാമിയാണ് കൃഷി ചെയ്യുന്നത്.
കുപ്പുസാമിയുടെ ഭാര്യ 2019 ൽ മരിച്ചു. കുപ്പുസാമി മകൾക്കും മരുമകനുമൊപ്പം പൊള്ളാച്ചി നെഗമം പ്രദേശത്താണ് താമസം. കൃഷ്ണരാജിന്റെ ഭാര്യാപിതാവ് അളഗപ്പൻ ഡിഎംകെ സിറ്റി കൗൺസിൽ പ്രസിഡന്റാണ്.
ഇയാളും തന്റെ മകനും ചേർന്ന് മകളേയും മകളുടെ ഭർത്താവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായാണ് പരാതി. കുപ്പുസാമി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഉടൻ തന്നെ സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് വെള്ളം ഒഴിച്ച് വൃദ്ധനെ പിടിച്ചുമാറ്റി.