ഭക്ഷണവില്പന ശാലകളിൽ കർശന പരിശോധന
1431398
Tuesday, June 25, 2024 12:14 AM IST
ഷൊർണൂർ: റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണ വില്പനശാലകളിൽ കർശന പരിശോധനയുമായി അധികൃതർ.
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരനു വിതരണംചെയ്ത വടയിൽ തവളയെ കിട്ടിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വട വിതരണംചെയ്ത സ്റ്റാൾ കഴിഞ്ഞ ദിവസം റെയിൽവേ പൂട്ടിച്ചിരുന്നു.
തുടർന്ന് റെയിൽവേ ആരോഗ്യവിഭാഗം സ്റ്റേഷനിലെ സ്റ്റാളുകളിൽ പരിശോധനയും നടത്തി. സ്റ്റേഷനിൽ വിതരണംചെയ്യാനായി ഭക്ഷണമെത്തിക്കുന്ന സ്ഥാപനങ്ങളിലും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. പല സ്ഥലത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് പാചകമെന്നു കണ്ടെത്തിയതായാണ് സൂചന.
റെയിൽവേ സ്റ്റേഷനിൽ വിതരണംചെയ്യാനായി പുറത്തുനിന്നും എത്തിക്കുന്ന ഭക്ഷണസാധനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. റെയിൽവേസ്റ്റേഷനിലെ ഭക്ഷണശാലകളിൽ പാചകംചെയ്യുന്നവ മാത്രമേ പ്ലാറ്റ്ഫോമിൽ വിതരണംചെയ്യാവൂ എന്നാണ് പുതിയ നിബന്ധന.
ഭക്ഷണശാലകൾ പൂട്ടിയതോടെ പുറമേനിന്ന് ഒരു പരിശോധനയുമില്ലാതെ എത്തിക്കുന്ന ഭക്ഷണസാധനങ്ങളാണ് സ്റ്റേഷനിൽ വിതരണംചെയ്തിരുന്നത്. ഇതിനെല്ലാം നടപടിയുണ്ടാകുമെന്നാണു അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ദിവസം സമ്പർക്കക്രാന്തി എക്സ്പ്രസിലെ യാത്രക്കാരനാണ് ഷൊർണൂരിൽ വടയിൽ ചത്ത തവളയെ കിട്ടിയത്. പരാതിയെത്തുടർന്ന് വിതരണക്കാരനെതിരെയും വിതരണം ചെയ്ത സ്റ്റാളിനെതിരെയും നടപടിയെടുത്തിരുന്നു.
ഷൊർണൂരിൽ സ്റ്റാളുകളിലെ വിതരണക്കാർവഴി മാത്രമേ ലഘുഭക്ഷണംപോലും ലഭിക്കൂ. ഇരുന്നു കഴിക്കാവുന്ന സ്ഥാപനങ്ങൾ പൂട്ടിക്കിടക്കുകയുമാണ്.
ഷൊർണൂരിന്റെ ചുവടുപറ്റി മുഴുവൻ റെയിൽവേ സ്റ്റേഷനുകളിലും ഭക്ഷണ വില്പനശാലകളിൽ റെയിൽവേ പരിശോധന ശക്തമാക്കിയിട്ടുണ്ട്.