സൗജന്യ പാസ് എന്നും കല്ലുകടി; തദ്ദേശവാസികൾക്കു പുല്ലുവില
1431227
Monday, June 24, 2024 1:35 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കും പ്രദേശത്തെ സ്കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും സ്ഥിരമായുള്ള സൗജന്യ പാസ് വിതരണം ചെയ്യണമെന്ന ആവശ്യം ശക്തം.
ടോൾ പ്ലാസയുടെ നിശ്ചിത ദൂരപരിധിയിലുള്ളവർക്കു സൗജന്യ പാസ് വ്യവസ്ഥ നിയമാനുസൃതമുള്ളതാണ്.
എന്നാൽ ഈ നിയമ സംരക്ഷണം മറച്ചുവച്ച് ഇടയ്ക്കിടെ ടോൾ പിരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന തന്ത്രം ആരുടെയൊക്കെയോ മുതലെടുപ്പിനുള്ള അവസരങ്ങളാ ക്കുകയാണെന്നാണ് ആക്ഷേപം.
പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുമെന്ന ഭീഷണി സംബന്ധിച്ച് അടുത്ത ദിവസംതന്നെ ചർച്ച നടക്കും. തത്കാലം ടോൾ പിരിക്കേണ്ടത്തില്ലെന്നു തീരുമാനത്തിലെത്തി ചർച്ച അവസാനിപ്പിക്കും.
രണ്ടുമാസം കഴിഞ്ഞാൽ വീണ്ടും ഈ നാടകം അരങ്ങേറും. നടപ്പാകാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് വാഹന യാത്രികരെ പ്രകോപിപ്പിക്കുന്നത് ടോൾ കമ്പനിക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം അകലെ നിൽക്കുകയാണിപ്പോഴും. ഇതിന് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളും ആത്മാർത്ഥമായ നിലപാടുകൾ കൈക്കൊള്ളണമെന്നാണ് ആവശ്യം.
അടുത്തമാസം ഒന്നാം തീയതി മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ ഈടാക്കുമെന്നാണ് ടോൾ കമ്പനിയുടെ ഭീഷണി.
ഇതു സംബന്ധിച്ച നോട്ടീസ് സൗജന്യയാത്ര അനുവദിച്ചിട്ടുള്ള ട്രാക്കിൽ പതിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി ടോൾ കമ്പനി നടത്തുന്ന ഭീഷണികളാണ് ഇത്.
ഈമാസം ഒന്നു മുതൽ സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കും എന്ന ഭീഷണി പ്രതിഷേധങ്ങളെ തുടർന്നു നടപ്പായില്ല. ചർച്ച നടത്തിയാണ് അതിനും താത്കാലിക പരിഹാരം കണ്ടത്.
ഇതിനു പിന്നാലെയാണ് ഇപ്പോൾ പ്രദേശവാസികളുടെ യാത്രാസ്വാതന്ത്ര്യം തടസപ്പെടുത്തുന്ന വിലക്കുകളുമായി കരാർകമ്പനി രംഗത്തു വന്നിട്ടുള്ളത്.
സൗജന്യ പാസ് നൽകുന്നതിനു പകരം പ്രതിമാസം 340 രൂപയുടെ പാസ് എടുക്കണം എന്നാണ് അറിയിപ്പ്.
ദിവസം തുച്ഛമായ തുക എന്നൊക്കെ പറഞ്ഞ് വളരെ നിസാരവത്കരിച്ചാണ് പെയ്മെൻറ് പാസിനെ ടോൾ കമ്പനി കാണുന്നത്.
തലവച്ചുകൊടുത്താൽ പിന്നെ തല വെട്ടുന്ന തന്ത്രങ്ങളാണ് ടോൾ കമ്പനിയുടെതെന്ന് പ്രദേശവാസികൾ അനുഭവങ്ങളിലൂടെ പലതവണ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ നിസാര തുകയല്ലേ എന്നൊക്കെ പറഞ്ഞ് ചതിയിൽ വീഴ്ത്താനുള്ള തന്ത്രമൊന്നും വിലപോകില്ല എന്നാണ് പ്രാദേശിക വാഹന യാത്രികർ പറയുന്നത്.
പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ തങ്ങൾക്ക് താത്പര്യമില്ല എന്നാൽ നാഷണൽ ഹൈവേ അഥോറിറ്റിയാണ് ടോൾ പിരിക്കാൻ നിർബന്ധിക്കുന്നതെന്നാണ് ടോൾ കമ്പനി അധികൃതരുടെ വിശദീകരണം.
പ്രദേശവാസികൾ അല്ലാത്തവർ ടോൾ കൊടുക്കാതെ കടന്നുപോകുന്നുണ്ടെങ്കിൽ അതിന് കരാർകമ്പനി തന്നെ പരിഹാരം കാണണം. മറ്റു ടോൾ സ്ഥലങ്ങളിലുള്ളതുപോലെ പ്രദേശവാസികൾക്ക് സൗജന്യ പാസ് നൽകി ഈ പ്രശ്നത്തിനു പരിഹാരം കാണാനാകും.
അതേസമയം, മറ്റു വാഹനങ്ങളിൽ നിന്നും ഈടാക്കുന്ന ടോൾനിരക്ക് ഇടയ്ക്കിടെ ഉയർത്തി കൊണ്ടിരിക്കുകയാണ്. റോഡിലെ കുഴിയടച്ചാലും നൂറുമീറ്റർ ദൂരം സർവീസ് റോഡ് പണിതാലും യാത്രാ സൗകര്യം വർധിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ടോൾ നിരക്ക് കൂട്ടും.
വാഹന യാത്രികർ അസംഘടിതരായതിനാൽ പല ഭാഷകളിൽ തെറിവിളിച്ചാണ് വാഹന യാത്രികർ ടോൾ കൗണ്ടറുകൾ കടന്നു പോകുന്നത്. 2022 മാർച്ച് ഒമ്പതുമുതലാണ് പന്നിയങ്കരയിൽ ടോൾ പിരിവ് തുടങ്ങിയത്.
ഇതിനിടെ നാലിൽ കൂടുതൽ തവണ ടോൾ നിരക്ക് കൂട്ടി. ചരക്കുവാഹനങ്ങൾക്കും മറ്റും ഇടയ്ക്കിടെ ടോൾ നിരക്ക് കൂട്ടുന്നതിന്റെ ആഘാതം ഒടുവിൽ പതിക്കുന്നത് ജനങ്ങളുടെ തലയിൽ തന്നെയണ്.