ഭക്ഷ്യവിഷബാധ: കാറ്ററിംഗ് സ്ഥാപനം അടപ്പിച്ചു
1431034
Sunday, June 23, 2024 6:12 AM IST
ഷൊർണൂർ: നവദമ്പതിമാർക്കടക്കം വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നൂറ്റമ്പതിലേറെ പേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കാറ്ററിംഗ് സ്ഥാപനം താത്കാലികമായി അടപ്പിച്ചു. വാടാനംകുർശിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് ഓങ്ങല്ലൂർ പഞ്ചായത്തിന്റെ നടപടി. അതേസമയം ഭക്ഷ്യവിഷബാധക്ക് ഇടയായതു വെള്ളത്തിൽ നിന്നാണെന്നാണ് സംശയം. ഇത് സംബന്ധിച്ച് ഭക്ഷണം എത്തിച്ച കാറ്ററിംഗ് സ്ഥാപനത്തിലെയും വിവാഹ സൽക്കാരം നടന്ന ഓഡിറ്റോറിയത്തിലെയും വെള്ളം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.
വാടാനാംകുറുശിയിലെ സ്ഥാപനത്തിൽ നിന്ന് ഓങ്ങല്ലൂർ പഞ്ചായത്തും കുളപ്പുള്ളി ടൗണിനു സമീപത്തെ ഓഡിറ്റോറിയത്തിൽ നിന്നു ഷൊർണൂർ നഗരസഭയുമാണു വെള്ളം ശേഖരിച്ചു ജല അഥോറിറ്റിയുടെ ലാബിൽ പരിശോധനയ്ക്കു വിട്ടത്. ഫലം വന്ന ശേഷമാകും തുടർനടപടികൾ.
കഴിഞ്ഞ ഞായറാഴ്ച കുളപ്പുള്ളി സ്വദേശിയായ യുവാവിന്റേയും പാലക്കാട് പിരായിരി സ്വദേശിനിയായ യുവതിയുടെയും വിവാഹത്തോടനുബന്ധിച്ചു നടന്ന റിസപ്ഷനിൽ പങ്കെടുത്തു ഭക്ഷണം കഴിച്ചവർക്കാണ് തുടർന്നുള്ള ദിവസങ്ങളിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നവദമ്പതികൾ ഉൾപ്പെടെ പനിയും ഛർദിയും പിടിപെട്ടു വിശ്രമത്തിലാണ്. വെൽകം ഡ്രിങ്ക് എന്ന നിലയിൽ നൽകിയ ജ്യൂസോ ഭക്ഷണത്തോടൊപ്പം നൽകിയ കുടിവെള്ളമോ ആകും വില്ലനെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ നിഗമനം.