മാന്നന്നൂരിൽ ഉരുക്കുതടയണയ്ക്കു സമീപം മണ്ണിടിച്ചിൽ തടയാൻ നടപടിയില്ല, പരാതിയുമായി കർഷകർ
1431029
Sunday, June 23, 2024 6:12 AM IST
ഒറ്റപ്പാലം: മാന്നനൂർ ഉരുക്കുതടയണയ്ക്കു സമീപമുള്ള മണ്ണിടിച്ചിലിന് അടിയന്തരപരിഹാരം കാണണമെന്ന ആവശ്യം ശക്തം. അധികൃതർ ഇക്കാര്യത്തിൽ ഗുരുതരമായ കൃത്യവിലോപമാണ് അനുവർത്തിക്കുന്നത്. കഴിഞ്ഞ ദിവസവും മേഖലയിൽ മണ്ണിടിച്ചിലുണ്ടായതായി പ്രദേശവാസികൾ പറയുന്നു ഭാരതപ്പുഴയുടെ അരികിലാണ് മണ്ണിടിച്ചിൽ ആവർത്തിക്കുന്നത്.
പുഴയുടെ ഒഴുക്ക് ഗതിമാറിയ ഭാഗങ്ങളിലെ വശങ്ങളാണ് ഇടിയുന്നത്. ഇനിയും മഴതുടർന്നാൽ കൂടുതൽ ഭാഗങ്ങളിൽ കൃഷിഭൂമി ഇടിയുന്ന സ്ഥിതിയാണ്. മാന്നനൂർ ഭാഗത്തായി ഏകദേശം 20 മീറ്റർ സ്ഥലത്താണ് മണ്ണിടിയുന്നത്.
നേരത്തേ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് താത്കാലിക സംരക്ഷണവേലി ഒരുക്കിയിരുന്നു. മുളയും വലകളും ഉപയോഗിച്ച് മണ്ണിടിച്ചിൽ തടയാനായിരുന്നു ഇത്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ മഴപെയ്തതോടെ ഇവിടങ്ങളിൽ വീണ്ടും മണ്ണിടിയുന്ന സ്ഥിതിയാണ്.
സമീപത്തെ കൃഷിഭൂമിയും പുഴയിലേക്ക് ഇടിഞ്ഞിരുന്നു. കാര്യക്ഷമമായ പ്രതിരോധപ്രവർത്തനങ്ങളൊന്നും ഇതിനുവേണ്ടി നടക്കുന്നില്ലന്നാണ് കർഷകരുടെ പരാതി.
പാടശേഖരങ്ങളിലൂടെ ഒഴുകിയെത്തുന്ന വെള്ളം പുഴയിലേക്ക് പരന്നൊഴുകുന്നത് മണ്ണിടിച്ചിൽ വർധിക്കാൻ കാരണമാകുന്നുണ്ട്. 2018ലെയും 2019ലെയും പ്രളയകാലത്താണ് തടയണയുടെ മാന്നനൂർഭാഗം തകർന്നത്. ഇതോടെ പുഴ ഗതിമാറി ഒഴുകുകയായിരുന്നു.
ഉരുക്കുതടയണയുടെ സംരക്ഷണഭിത്തിയുടെ നിർമാണം പൂർത്തിയാകാത്തതിനാൽ പുഴയുടെ ഒഴുക്ക് ഗതിമാറിയ നിലയിലാണ്. നിലവിൽ നിർമാണം നടത്തിയിരുന്ന ഭാഗത്തുകൂടിയാണ് പുഴയുടെ ഒഴുക്ക്. ഇവിടെ പണിപൂർത്തിയായ ഒരു സംരക്ഷണഭിത്തി ശക്തമായ ഒഴുക്കിനെത്തുടർന്ന് വീണിരുന്നു.
ഇതോടെ പുഴയിൽനിന്ന് വെള്ളം മണ്ണിടിഞ്ഞ ഭാഗങ്ങളിൽ കെട്ടിനിൽക്കുന്ന സ്ഥിതിയാണ്. അടിയന്തര പ്രാധാന്യത്തോടുകൂടി മണ്ണിടിച്ചിൽ പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതായിട്ടുണ്ട്.