തമിഴ് തിരുട്ടു സംഘങ്ങൾ ജില്ലയിലെത്തിയെന്നു സൂചന
1429857
Monday, June 17, 2024 1:40 AM IST
ഷൊർണൂർ: മഴക്കാലം ലക്ഷ്യമിട്ടു സായുധരായ തമിഴ് തിരുട്ടു സംഘങ്ങൾ ജില്ലയിലെത്തിയതായി സൂചന.
കഴിഞ്ഞ ദിവസം പട്ടാമ്പി കിഴായൂരിൽ മാരകായുധങ്ങളുമായി കണ്ടെത്തിയത് ഈ വിഭാഗത്തിൽപ്പെട്ട കവർച്ചാ സംഘത്തിലുൾപ്പെട്ടവരെയാണെന്നും പോലീസ് സംശയിക്കുന്നു.
ട്രെയിൻമാർഗമാണ് ഇവർ എത്തിയതെന്നും തെളിവുകളുണ്ട്. പട്ടാമ്പിയുടെ പ്രാന്തപ്രദേശമായ കിഴായൂരിലാണ് കഴിഞ്ഞദിവസം മാരകായുധങ്ങളുമായി മൂന്നംഗ കവർച്ചാസംഘത്തെ സിസിടിവിയിൽ കണ്ടെത്തിയത്. കിഴായൂരിലെ രണ്ടു കടകളുടെ പൂട്ടുതകർത്ത് അകത്തുകടന്ന് ഇവർ സാധനങ്ങൾ വാരിവലിച്ചിടുകയും ചെയ്തിരുന്നു.
പണം കടയിൽ സൂക്ഷിക്കാത്തതിനാൽ നഷ്ടപ്പെട്ടില്ല. രാത്രി രണ്ടുമണിയോടെയാണ് മൂവർ സംഘം എത്തിയതെന്നു കടയിലെ സിസി ടിവി ദൃശ്യം വ്യക്തമാക്കുന്നു.
റോഡിലൂടെ നടന്നുവരുന്ന ഇവർ കമ്പിപ്പാരകൊണ്ട് പൂട്ടുതകർക്കുന്നതും ഗ്രിൽ വളയ്ക്കുന്നതും സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.
കടയിൽ നിന്നു 300 മീറ്റർ അകലെയുള്ള മുല്ലക്കൽ ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ പൂട്ടുപൊട്ടിച്ച് പണവും കവർന്നു. ക്ഷേത്രത്തിന്റെ ഓഫീസ് പൂട്ടും തകർത്തു.
പോലീസ് പട്രോളിംഗിനിടയിൽ മൂന്നംഗ സംഘം ഓടിരക്ഷപ്പെടുന്ന ദൃശ്യവും ലഭിച്ചിട്ടുണ്ട്. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം ക്ഷേത്രത്തിലെ പൂട്ടുതകർക്കുന്ന ശബ്ദംകേട്ട് സമീപത്തെ വീട്ടുകാർ ഉണർന്ന് നോക്കിയപ്പോൾ രണ്ടാളുകൾ ഓടിപ്പോകുന്നതു കണ്ടെന്നും വീട്ടുകാർ പറയുന്നു.
നാട്ടുകാരെ ഭീതിയിലാക്കുന്ന മോഷ്ടാക്കളെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കേരളത്തിൽ മഴക്കാലമായാൽ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽ നിന്നു മോഷ്ടാക്കൾ സംഘങ്ങളായി എത്തുന്ന പതിവുണ്ട്.
ഏറെ അപകടകാരികളായ ഇവർ മാരകായുധങ്ങളുമായാണ് കവർച്ചക്കെത്തുന്നത്. മോഷണം തടയാൻ ശ്രമിക്കുന്നവരെ കൊലപ്പെടുത്താൻവരെ ഇവർ ശ്രമിക്കാറുണ്ട്.