അപകടഭീഷണിയായ മരം നീക്കണം, ജീവഭയത്തിൽ കുടുംബങ്ങൾ
1429855
Monday, June 17, 2024 1:40 AM IST
കല്ലടിക്കോട്: ശക്തമായ കാറ്റും മഴയും വന്നാൽ അന്നമ്മ പേടിച്ച് വീട്ടിനകത്ത് കയറും. കാരണം അപകടാവസ്ഥയിലായ മരം വീടിനു മുകളിലേയ്ക്ക് മറിഞ്ഞു വീഴുമോ എന്ന ഭയമാണ്. പാലക്കാട്-കോഴിക്കോട് ദേശീയ പാതയിൽ പൊന്നംകോടിനു സമീപം താമസിക്കുന്ന കാരക്കാറ്റിൽ അന്നമ ഫിലിപ്പിനാണ് കാറ്റിനേയും മഴയേയും പേടി.
ദേശീയ പാതയുടെ നവീകരണത്തിനായി റോഡ് വീതികൂട്ടുകയും കയറ്റം കുറയ്ക്കാനായി മണ്ണെടുക്കുകയും ചെയ്തപ്പോൾ അന്നമ്മയുടെ വീടിനു സമീപം റോഡിൽ നിന്നിരുന്ന മാവിന്റെ ചുവട്ടിലെ മണ്ണും പണിക്കാർ നീക്കം ചെയ്തു.
ശക്തമായ ഒരു കാറ്റടിച്ചാൽ എപ്പോൾ വേണമെങ്കിലും വീഴാവുന്ന നിലയിലാണ് മരം. ഒരു ഭാഗത്ത് വീടും മറുഭാഗത്ത് വൈദ്യുതി ലൈനുമാനുള്ളത്.
മരം ഏതു ഭാഗത്തേയ്ക്ക് വീണാലും ദുരന്തം ഉറപ്പാണ്. അപകടാവസ്ഥയിലായ മരം മുറിച്ചു നീക്കണമെന്ന് പ്രദേശ വാസികളായ ഷായ് ഫിലിപ്പ്, ജോമോൻ ജോസഫ്, ജോസഫ് ആന്റണി, റോസമ്മ ബേബി എന്നിവർ അധികൃതർക്ക് പലതവണ പരാതികൾ നല്കിയിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല.
കാറ്റടിക്കുമ്പോൾ മരം വീഴരുതെ എന്ന പ്രാർത്ഥനയിൽ കഴിയുകയാണ് ഈ നാലു കുടുംബങ്ങൾ.