ഒറ്റപ്പാലം തെരുവിൽ സുപരിചിതയായ ഹാജിറ ഉമ്മ ഇനി തനിച്ചല്ല
1429851
Monday, June 17, 2024 1:40 AM IST
ഒറ്റപ്പാലം: മനോവൈകല്യം വേട്ടയാടുന്ന മനസുമായി തെരുവിലലയുന്ന ഹാജിറുമ്മക്ക് അധികാരികളുടെ കനിവ്. സ്വന്തം റേഷൻ കാർഡ് എന്ന കാലങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമായത്. ഹാജിറ ഉമ്മക്ക് ഇനി മേൽവിലാസമുണ്ട്.
നഗരസഭയുടെ ആശ്രയ ഭവനത്തിന്റെ മേൽവിലാസത്തിൽ ഹാജിറ ഉമ്മക്ക് സ്വന്തമായി റേഷൻ കാർഡ് ലഭിച്ചു. തോട്ടക്കര അരിയൂർ തെക്കുമുറി പൊതുജന വായനശാലയിലെ ഇ- വിജ്ഞാന കേന്ദ്രത്തിലെ ലൈബ്രേറിയൻ രമ്യ ഹാജിറ ഉമ്മക്ക് റേഷൻ കാർഡ് കൈമാറി.
ആരെ എവിടെ വച്ച് കണ്ടാലും ഹാജറ ഉമ്മക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളു, റേഷൻ കാർഡ് വേണം..........! ഈ ആവശ്യം നഗരസഭ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സുജിതയുമായി മുൻ നഗരസഭാംഗമായ ടി.പി. പ്രദീപ്കുമാർ സംസാരിച്ചാണ് റേഷൻ കാർഡ് അനുവദിക്കുന്നതിന് നടപടികളുണ്ടായത്.
കുടുംബശ്രീയുടെ മെംബർ സെക്രട്ടറി കെ.പ്രഭുദേവിന്റെ ഇടപെടലാണ് ഇക്കാര്യത്തിൽ നിർണായകമായത്. നഗരസഭയിലെ ആശ്രയ ഭവനത്തിന്റെ പേരിൽ വിലാസം രേഖപ്പെടുത്തിയ സാക്ഷ്യപത്രം മണിക്കൂറുകൾക്കകം ഇവർ തയാറാക്കി.
വായനശാലയിൽ വച്ച് ഹാജിറ ഉമ്മയുടെ ഫോട്ടോ എടുത്തു. മറ്റ് രേഖകളും ശരിയാക്കി നഗരസഭയുടെ സാക്ഷ്യപത്രം വച്ചു കൊണ്ട് അപേക്ഷ സമർപ്പിച്ചു.
സപ്ലൈ ഓഫീസറെ കണ്ട് കാര്യം ധരിപ്പിച്ചു.വൈകുന്നേരത്തോടെ ഹാജിറ ഉമ്മക്ക് റേഷൻ കാർഡ് റെഡി. ഒറ്റപ്പാലത്തിന്റെ തെരുവിൽ തനിച്ചായ ഹാജിറ ഉമ്മക്ക് കിടക്കാൻ ഇടം നൽകി നഗരസഭയാണ് സംരക്ഷിച്ചു വരുന്നത്.
താമസിക്കാൻ ആശ്രയ ഭവനം ഉണ്ടെങ്കിലും അവിടെ കിടക്കുന്നത് വിരളമാണ്. ആട്ടിപ്പായിക്കലും കളിയാക്കലും ഒന്നുമില്ലാതെ ആരെങ്കിലുമൊക്കെ സംസാരിക്കാൻ അടുത്ത് ചെല്ലുന്നത് ഹാജിറ ഉമ്മക്ക് വലിയ സന്തോഷമാണ്.
റേഷൻ കാർഡ് കൈയിൽ കിട്ടിയപ്പോൾ എന്തൊക്കെയോ നേടിയെടുത്ത സന്തോഷമായിരുന്നു ഹാജിറ ഉമ്മയുടെ മുഖത്ത്.
തനിച്ചല്ല എന്നൊരു തോന്നൽ, വിലാസം ചോദിച്ചാൽ എടുത്ത് കാണിക്കാൻ വിലപ്പെട്ട ഒരു രേഖ കയ്യിൽ കിട്ടിയ സന്തോഷം.
ഒറ്റപ്പാലം നഗരസഭ കുടുംബശ്രീ സിഡിഎസും സപ്ലൈ ഓഫീസും അരിയർ തെക്കുമുറി വായനശാലയും ഒരു മനസോടെ കൈകോർത്തപ്പോൾ തെരുവിൽ അലയുന്ന ഹാജിറ ഉമ്മക്കും സ്വന്തം മേൽവിലാസമായി. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് പലരെയും ചീത്ത വിളിച്ച് വിധിയുടെ ഭാണ്ഡക്കെട്ടും പേറി ഒരു നിയോഗം പോലെ ഒറ്റപ്പാലത്തിന്റെ തെരുവീഥികളിൽ അലഞ്ഞു തിരിയുന്ന ഹാജിറ ഉമ്മക്ക് ചില സമയത്തെങ്കിലും തെളിഞ്ഞ ബുദ്ധിയുണ്ട്. ആരാലും സംരക്ഷണമി ല്ലാതെ ഏകയായി കഴിയുന്ന ഹാജിറ ഉമ്മ കാർഡ് ലഭിച്ചതോടെ സന്തോഷത്തിലാണ്.