മെഡിക്കൽ വിദ്യാർഥികൾ പിന്നോട്ടില്ല; സമരം അഞ്ചാംദിവസത്തിലേക്ക്
1429345
Saturday, June 15, 2024 12:20 AM IST
പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ സമരം അഞ്ചാം ദിവസത്തിലേക്ക്. കഴിഞ്ഞദിവസം മന്ത്രി കെ. രാധാകൃഷ്ണനുമായി നടന്ന ചര്‍ച്ചയിലും പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാവാത്തതിനെത്തുടര്ന്ന് രാത്രിയിലും സമരം നടത്താൻ തീരുമാനം.
മെഡിക്കല്‍ കോളജിനു മുന്നിലൊരുക്കിയ പന്തലിലാണ് വിദ്യാര്‍ഥികളുടെ അനുശ്ചിതകാല സമരം. അധ്യാപകരെ നിയമിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണമെന്ന് ആവശ്യപ്പെട്ടാണ് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്.
അതേസമയം മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സ്ഥിരം അധ്യാപകരുടെ നിയമനകാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായില്ലെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഈവിഷയം അധികൃതര്‍ വേണ്ട വിധം ചര്‍ച്ചയ്ക്കെടുക്കാന്‍ പോലും അധികൃതര്‍ തയാറായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. മെഡിക്കല്‍ കോളജിലെ ഓപ്പറേഷന് തിയേറ്റര്‍ ബ്ലോക്ക് ഒരു മാസത്തിനകം പ്രവര്‍ത്തനസജ്ജമാക്കുമെന്നും ഡെപ്യൂട്ടേഷനിലൂടെ ആരോഗ്യവകുപ്പില്‍നിന്ന് അധ്യാപകരെ നിയമിക്കുമെന്നും മാത്രമാണ് മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കിയത്.
പിഎസ ്സി നിയമന നടപടികള്‍ ത്വരിതപ്പെടുത്തുമെന്നു പറഞ്ഞ മന്ത്രി യാതൊരു ഉറപ്പും നല്‍കുകയും ചെയ്തില്ല. മെഡിക്കല്‍ കോളജിലെ ഇല്ലായ്മകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വകുപ്പുമന്ത്രിക്കും മുഖ്യമന്ത്രിക്കും നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും പരിഹാരമാവാത്തതിനെ തുടര്‍ന്നാണ് വിദ്യര്‍ഥികള്‍ പ്രത്യക്ഷ സമര രംഗത്തിറങ്ങിയത്.
മെഡിക്കല്‍ കോളജ് ആരംഭിച്ച് 10 വര്‍ഷം പിന്നിടുമ്പോഴും സ്ഥിര അധ്യാപക നിയമനം നടത്തുന്നില്ല. അനധ്യാപകര്‍, പരിശോധന സംവിധാനങ്ങള്‍, ശസ്ത്രക്രിയ സംവിധാനങ്ങള്‍ തുടങ്ങി യാതൊരു അടിസ്ഥാന സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം.
പാലക്കാട് കളക്ടറേറ്റിനു മുന്നില്‍ ആരംഭിച്ച സമരം കഴിഞ്ഞദിവസമാണ് മെഡിക്കല്‍ കോളജിന് മുന്നിലേക്ക് മാറ്റിയത്.
ഇതിനിടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ സംഘടനകളും രംഗത്തെത്തി. ആംആദ്മി, ബിജെപി നേതാക്കൾ സമരപ്പന്തലിലെത്തി അനുഭാവം അറിയിച്ചു.
മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ ആരംഭിക്കാനും ചികിത്സക്കും പഠനത്തിന്നും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ആവശ്യപ്പെട്ടു.
പ്രശ്നം പരിഹരിക്കാൻ സർക്കാർ തയാറാകാത്ത പക്ഷം കേന്ദ്ര പട്ടികജാതി കമ്മീഷനും കേന്ദ്ര ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ പി. വേണു ഗോപാലൻ, എ കെ ഓമനകുട്ടൻ, പാലക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ, പാലക്കാട് ബി ജെ പി മണ്ഡലം പ്രസിഡൻ്റ് ബാബു വെണ്ണക്കര എന്നിവർ ഒപ്പമുണ്ടായിരുന്നു.
ജില്ലാ ആസ്ഥാനത്തെ ആം ആദ്മി പാർട്ടി പ്രവർത്തകരും പാലക്കാട് മെഡിക്കൽ കോളേജിൽ സമരം ചെയ്യുന്ന മെഡിക്കൽ വിദ്യാർഥികളുമായി ആശയ വിനിമയം നടത്തി.
വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾക്ക് ഉടൻ പരിഹാരം ഉണ്ടാവണമെന്നും ഇല്ലാത്ത പക്ഷം ആം ആദ്മി പാർട്ടിയും സമരരംഗത്തുണ്ടാവുമെന്നും വിദ്യാർഥികളെ അറിയിച്ചു.