ചുള്ളിപ്പെരുക്കമേട്ടിലെ ആൽമരം സംരക്ഷിക്കണമെന്നു മുറവിളി
1428950
Thursday, June 13, 2024 1:14 AM IST
വണ്ടിത്താവളം: ചുള്ളിപ്പെരുക്കമേട് വില്ലേജ് ഓഫീസിന് എതിർവശത്ത് റോഡരികിൽ നിൽക്കുന്ന 150 വർഷം പിന്നിട്ട ആൽമരം സംരക്ഷിക്കണമെന്നു പ്രകൃതിസ്നേഹികൾ.
മീനാക്ഷിപുരം- തത്തമംഗലം സംസ്ഥാന പാതയിലുണ്ടായിരുന്ന പതിനഞ്ചോളം ആൽമരങ്ങൾ റോഡ് നവീകരണത്തിന്റെ ഭാഗമായി മുറിച്ചുനീക്കിയിരുന്നു.
എന്നാൽ പ്രകൃതിസ്നേഹികളുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ചുള്ളിപ്പെരുക്കമേട് ആൽമരമുത്തശ്ശിക്കു ദീർഘായുസുണ്ടായത്.
ഇതുവഴിയെത്തുന്ന വാഹനയാത്രക്കാർ വളർന്നു പന്തലിച്ച ആൽമരത്തിനു സമീപമിരുന്നു മൊബെലിൽ ചിത്രം പകർത്തുന്നുമുണ്ട്. ഏകദേശം 20 മീറ്ററിൽ കൂടുതൽ ഉയരമുണ്ട് ഈ ആൽമരത്തിന്.
കഴിഞ്ഞ വർഷം മരത്തിന്റെ ശിഖരം ചരക്കു വാഹനങ്ങൾ തട്ടി ബലക്ഷയമുണ്ടായതിനാൽ നിലമ്പതിച്ചിരുന്നു.
ആൽമരത്തിനു ചുറ്റുമതിൽകെട്ടി സംരക്ഷിച്ചാൽ നിരവധിയാളുകളെ ആകർഷിക്കാനാകും. ഇരിപ്പിടങ്ങൾ കൂടി ഒരുക്കണമെന്നും സമീപം പൂന്തോട്ടം നിർമിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.