കൃഷ്ണമൂർത്തി തിരക്കിലാണ്...
1425216
Monday, May 27, 2024 1:17 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിനടുത്ത് പാളയം സെന്ററിലെ കൃഷ്ണമൂർത്തി മീൻ പിടിക്കാനുള്ള കുരുത്തി (മീൻകൂട്) നിർമാണ തിരക്കിലാണ്.
പുഴകളിലും തോടുകളിലും പാടങ്ങളിലുമെല്ലാം വെള്ളമായപ്പോൾ കൃഷ്ണമൂർത്തിയുടെ കുരുത്തി അന്വേഷിച്ചു വരുന്നവരും കൂടി. മുളയുടെ അലകുകൾ കൊണ്ട് ചെറുപക്ഷികൾ കൂടൊരുക്കും മട്ടിലാണ് കൃഷ്ണമൂർത്തി കുരുത്തികൾ നിർമിച്ചു കൂട്ടുന്നത്.
ആവശ്യക്കാരുടെ താൽപര്യപ്രകാരം ഏത് ഷെയ്പ്പിലും കൃഷ്ണമൂർത്തിയുടെ കരവിരുതിൽ കുരുത്തികൾ രൂപപ്പെടും. ചെറിയ മീനുകൾക്കും വലിയ മീനുകൾക്കും വെവേറെ കുരുത്തികളുണ്ട്.
ചെത്തി മിനുപ്പാക്കിയ മുളയുടെ അലകുകൾ കൂട്ടിവച്ച് പ്ലാസ്റ്റിക് കയർ കൊണ്ട് കെട്ടി മുറുക്കും. രണ്ടര അടി നീളമുള്ള കുരുത്തിക്ക് 101 അലകുകൾ വേണമെന്ന് കൃഷ്ണമൂർത്തി പറഞ്ഞു. കുറച്ചു ക്ഷമയും സമയവുംവേണ്ട പണിയാണിത്.
താഴ്ന്ന ഭാഗത്തുനിന്നു മീൻ മുകളിലേക്ക് ചാടുന്ന സ്ഥലത്ത് സ്ഥാപിക്കാനും, വരിയായി മീനുകൾ കയറിപ്പോകുന്ന സ്ഥലത്ത് സ്ഥാപിക്കാനാണെങ്കിൽ അതിനുള്ള പ്രത്യേക രീതിയിലുള്ള കുരുത്തികളും കൃഷ്ണമൂർത്തിയുടെ പണിപ്പുരയിലുണ്ട്. വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ച് സ്ഥാപിക്കാനുള്ള കുരുത്തികളുമുണ്ട്. തോടുകളിലേക്കുള്ള കൈച്ചാലുകൾ, നെൽപ്പാടങ്ങളിലെ കഴകൾ ഇവിടങ്ങളിൽ കുരുത്തി വച്ചാൽ മീൻ വന്നുനിറയും.
പുതുമഴയോടെയാണ് മീൻ ഇറക്കം കൂടുതലും ഉണ്ടാവുക. പുതിയ മേച്ചിൽ പുറങ്ങൾ തേടിയുള്ള മീനുകളുടെ ഇറക്കം ഈ സമയങ്ങളിലാണ്. കരയിൽനിന്നു കുളത്തിലേക്ക് വെള്ളം ഒളിച്ചുറങ്ങുന്നതിനൊപ്പം മീനുകളും കയറും. ഇവിടങ്ങളിലെല്ലാം കുരുത്തിപ്രയോഗം നടത്താം. പാടങ്ങളിൽ കുരുത്തിവച്ചാൽ അത് മോഷ്ടിക്കുന്ന പതിവും വ്യാപകമായിട്ടുണ്ട്.
തന്റെ രണ്ടു കുരുത്തി ഈ ദിവസങ്ങളിൽ നഷ്ടപ്പെട്ടതായി കൃഷ്ണമൂർത്തി പറഞ്ഞു. ഇതിനാൽ പാടങ്ങളിൽ കുരുത്തിവച്ചാൽ രാത്രി കാവലിരിക്കണം. ചിലപ്പോൾ കുരുത്തിയിൽ പാമ്പുകളും കുടുങ്ങും. ഇതിനാൽ രാത്രികളിൽ വെളിച്ചമില്ലാതെ കുരുത്തിക്കുള്ളിൽ കൈ ഇടുന്നതും സൂക്ഷിച്ചു വേണം.
വരുമാനത്തിനപ്പുറം മീൻ പിടിക്കൽ രസകരമായി കാണുന്നവരുണ്ട്. ചൂണ്ടയിടുന്നതും കുരുത്തിവക്കലും ഇക്കൂട്ടർക്ക് രസകരമായൊരു നേരം പോക്കാണ്. ഇവരും കുരുത്തിയുടെ ആവശ്യക്കാരാണ്. നാടൻ മത്സ്യങ്ങളുടെ കുറവും ഭീഷണിയാണെന്ന് കൃഷ്ണമൂർത്തി പറഞ്ഞു. പഴയകാല ഓർമകളിലേക്കുള്ള നടന്നുപോക്കു കൂടിയാണ് കുരുത്തി വയ്ക്കലും ചൂണ്ടയിടലുമൊക്കെ.