തമിഴ്നാട്ടിൽനിന്നുള്ള പലിശസംഘം കൊഴിഞ്ഞാന്പാറയിൽ സജീവം
1425078
Sunday, May 26, 2024 7:38 AM IST
കൊഴിഞ്ഞാമ്പാറ: കാലവർഷം നേരത്തേ എത്തിയതോടെ പഞ്ഞമാസത്തെ വരുമാനക്കുറവ് ലക്ഷ്യമിട്ട് താലൂക്കിലെ കിഴക്കൽ മേഖലയിൽ തമിഴ്നാട്ടിൽ നിന്നും കൊള്ള പലിശസംഘം എത്തിതുടങ്ങി. വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പട്ടഞ്ചേരി, പെരുമാട്ടി, മുതലമട, നല്ലേപ്പിള്ളി പഞ്ചായത്ത് പ്രദേശങ്ങളിലാണ് കൂടുതലായി കന്ദുവട്ടി എന്ന പേരിലറിയപ്പെടുന്ന വായ്പാ വിതരണ സംഘം തങ്ങളുടെ വിപണന മേഖലയിൽ വിലസുന്നത്.
1000 മുതൽ 5000 രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്. വീടുകളിലുള്ള സ്ത്രീകൾ മുഖാന്തരമാണ് വായ്പാ നൽകുന്നത്. ആഴ്ചയിൽ ഒരു ദിവസമാണ് തിരിച്ചടവിന് വീടുകളിൽ എത്തുന്നത്. ഇവർ എത്തുന്ന സമയങ്ങളിൽ സ്ത്രീകൾ ഉണ്ടാവുമെന്നതിനാൽ തിരിച്ചടവ് കൃത്യതയോടെ ലഭിക്കും എന്നതാണ് പലിശ സംഘത്തിന്റെ കണക്കുകൂട്ടലുകൾ. പുരുഷൻമാർക്ക് വായ്പ നൽകിയാൽ തിരിച്ചടവിനു വരുന്ന ദിവസം മുങ്ങും എന്നതാണ് വീട്ടമ്മമാർക്ക് വായ്പ നൽകാൻ തയാറാവുന്നത്.
മുന്പ് വായ്പാസംഖ്യ തിരികെ വാങ്ങാൻ ഒരാൾ മാത്രമാണ് വന്നിരുന്നതെങ്കിൽ ഇപ്പോൾ രണ്ടു പേർ വീതമാണ് എത്താറുള്ളത്. പണം കൃത്യമായി അടക്കാത്തവരെ ഭീഷണിപ്പെടുത്താനാണ് മറ്റൊരാളെ കൊണ്ടുവരുന്നത്. തിരിച്ചടവ് മുടങ്ങിയതിനാൽ ഭീഷണിയിൽ ഭയന്ന് നെണ്ടൻകീഴായയിൽ ദമ്പതിമാരും കുഞ്ഞും കൂട്ട ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ഇതിൽ കുഞ്ഞു മരണപ്പെട്ടു. ആഭ്യന്തര വകുപ്പിന്റെ ആക്ഷൻ കുബേര പ്രാബല്യത്തിൽ വന്നപ്പോൾ പിന്തിരിഞ്ഞ കൊള്ള പലിശസംഘം പിന്നിട് വർഷങ്ങൾ ശേഷം വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുകയാണ്. മഴ ശക്തമായാൽ പണിക്കു പോവാനാവാതെ വരുമാന പ്രതിസന്ധിയിലാവുന്നവരാണ് സംഘത്തിന്റെ ഇരകളാവുന്നത്.
വായ്പ നൽകുമ്പോൾ നൽകുന്ന തിരിച്ചടവു നിബന്ധനകളെല്ലാം സമ്മതിച്ചാണ് തുക കൈപ്പറ്റുന്നത്. ജൂണിൽ കാലവർഷം തുടങ്ങിയാൽ ആറുമാസ കാലമാണ് തമിഴ് സംഘം താലൂക്കിൽ പണമിടപാട് നടത്തുന്നത്. ഇത്തരം കൊള്ള പലിശക്കാരെ സഹായിക്കാൻ പ്രദേശത്ത് ഇടനിലക്കാരുമുണ്ട്.
ഇവരാണ് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി വായ്പാ സംഘത്തിനു വിവരം നൽകുന്നത്. കോവിഡ് വ്യാപനത്തിന് ശേഷം രണ്ടു മൂന്നു വർഷം താലൂക്കിലെത്താതിരുന്ന തമിഴ് സംഘം ഇപ്പോൾ കൂട്ടത്തോടെ എത്തിതുടങ്ങിയിരിക്കുകയാണ്. താലൂക്കിൽ അനധികൃതമായി പണമിടപാട് നടത്തുവരെ കണ്ടെത്തണമെന്ന ആവശ്യം ശക്തമാണ്.