തടയണകളിൽ ജലസമൃദ്ധി; അറ്റകുറ്റപ്പണി ത്രിശങ്കുവിൽ
1424529
Friday, May 24, 2024 12:49 AM IST
ഷൊർണൂർ: കനത്ത മഴയെതുടർന്ന് പട്ടാമ്പി തടയണനിർമാണം നിർത്തി. ഭാരതപ്പുഴയ്ക്കു കുറുകെയുള്ള തടയണയുടെ നിർമാണമാണ് വെള്ളത്തിന്റെ കുത്തൊഴുക്കു കാരണം അവസാനിപ്പിച്ചത്. മഴക്കാലം തുടങ്ങുന്നതിനുമുമ്പ് തടയണനിർമാണം പൂർത്തീകരിക്കാനായിരുന്നു തീരുമാനം.
പുഴയിൽ നീരൊഴുക്ക് ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ഓങ്ങല്ലൂർ ചങ്ങണാംകുന്ന് റഗുലേറ്റർ തുറന്നതും വെള്ളത്തിന്റെ ഒഴുക്ക് ശക്തമാകാൻ കാരണമായി. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.
തടയണയുടെ 85 ശതമാനം പണിയും പൂർത്തീകരിച്ചു. കഴിഞ്ഞ ഫെബ്രുവരി 17നാണ് വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തടയണയുടെ നിർമാണോദ്ഘാടനം നിർവഹിച്ചത്. മഴക്കാലത്തിനുമുമ്പ് പദ്ധതി പ്രദേശത്തെ മണലും ചെളിയും നീക്കണമെന്ന ആവശ്യവും മഴയ്ക്കുമുമ്പ് നടത്താനായില്ല.
ഇറിഗേഷൻ വകുപ്പ് ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടെങ്കിലും റവന്യു വകുപ്പ് നടപടികൾ പൂർത്തീകരിക്കാത്തതാണ് മണ്ണും മണലും നീക്കാൻ തടസ്സമായത്. തൃത്താല പട്ടാമ്പി നിയോജകമണ്ഡലങ്ങളിലെ വേനലിലെ വെള്ളക്ഷാമത്തിന് പരിഹാരം കാണാനാണു ഭാരതപ്പുഴയുടെ കീഴായൂർ നമ്പ്രം ഭാഗത്തു തടയണ നിർമിക്കുന്നത്.
ഇതോടെ പട്ടാമ്പി നഗരസഭയിലെയും പട്ടാമ്പി തൃത്താല മണ്ഡലങ്ങളിലെ വിവിധ പഞ്ചായത്തുകളിലെയും വേനലിലെ ജല ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.