ഭാരതപ്പുഴയുടെ ആഴങ്ങളിൽ ജീവനുകൾ പൊലിയുന്പോൾ...
1424341
Thursday, May 23, 2024 1:27 AM IST
ഷൊർണൂർ: വേനൽമഴയിൽത്തന്നെ ഭാരതപ്പുഴയുടെ ആഴങ്ങളിൽ മനുഷ്യ ജീവനുകൾ പൊലിയുന്നത് ഭീതിയുണർത്തുന്നു. മരണം മടിത്തട്ടിലൊളിപ്പിച്ചാണ് ഇപ്പോൾ നിളയൊഴുകുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മീറ്ററുകൾമാത്രം വ്യത്യാസത്തിൽ പുഴയിൽ മുങ്ങിത്താഴ്ന്നതു മൂന്നു കുട്ടികളാണ്. അവധിയാഘോഷിക്കാൻ അമ്മയ്ക്കരികിലേക്കെത്തിയ നേപ്പാൾസ്വദേശികളായ രണ്ടു കുട്ടികളും ഇതിലുൾപ്പെടും. പതിനാറുകാരൻ ബിക്രം ധനുക്, പതിനാലുകാരിയായ ശശിരകുമാരി ധനുക് എന്നിവരാണ് ശനിയാഴ്ച മരിച്ചത്.
ദേശമംഗലം തെങ്ങുംകടവിന് സമീപം പുഴയിലിറങ്ങിയതായിരുന്നു സഹോദരങ്ങളായ രണ്ടുപേരും. ഇവർക്കൊപ്പം ഇറങ്ങിയ മറ്റൊരു സഹോദരൻ രക്ഷപ്പെട്ടു. രണ്ടുദിവസമായുണ്ടായ മഴയെത്തുടർന്ന് വെള്ളം ഉയർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ ആഴമുള്ള കയങ്ങളുമുള്ളതാണ് ദുരന്തങ്ങൾക്ക് കാരണം.
ഷൊർണൂർ റെയിൽവേ മേൽപ്പാലത്തിനു താഴെ പൈങ്കുളംഭാഗത്ത് കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ പതിനഞ്ചുകാരനും മരിച്ചു. പൈങ്കുളം സ്വദേശിയായ ആര്യനാണ് മരിച്ചത്. ഒരുദിവസം രാത്രിമുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും ആര്യനെ കണ്ടെത്താനായില്ല. കുളിക്കാനിറങ്ങിയ സ്ഥലത്തിന് സമീപത്തുനിന്നുതന്നെ പിന്നീട് ഫയർഫോഴ്സ് മൃതദേഹം കണ്ടെടുത്തിരുന്നു. ആര്യന് നീന്തലറിയില്ലായിരുന്നെന്നും പറയുന്നു.
വെള്ളത്തിലിറങ്ങുമ്പോൾ ഉണ്ടാകേണ്ട സുരക്ഷാ മുൻകരുതലുകൾ ഒന്നുമറിയാതെ പുഴയിലേക്ക് ചാടുന്നവരുമുണ്ടെന്ന് അഗ്നിരക്ഷാവിഭാഗം ചൂണ്ടിക്കാട്ടുന്നു. അതേസമയം വേനലിൽ പുഴയിൽ വെള്ളംകുറയുമ്പോഴാണ് കൂടുതൽപേരും മരണക്കയത്തിൽപ്പെടുന്നത്.
രണ്ടുമാസംമുമ്പ് കൊപ്പം സ്റ്റേഷനിലെ എസ്ഐ കുന്തിപ്പുഴയിൽ മുങ്ങിമരിച്ചതും പുഴയിലെ കാണാക്കയത്തിലും ചുഴിയിലുംപെട്ടാണ്. വെള്ളം കുറയുമ്പോൾ അപകടങ്ങൾ കുറവാണെന്ന് കരുതി ഇറങ്ങുന്നവർ പുഴയിലെ ആഴമറിയാതെ അപകടത്തിൽപ്പെടുകയാണ്.