അമൃത് പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ: പൊളിച്ച റോഡുകൾ ഉടൻ പൂർവസ്ഥിതിയിലാക്കണം
1423515
Sunday, May 19, 2024 6:48 AM IST
ഒറ്റപ്പാലം: നഗരസഭാ പ്രദേശത്ത് ‘അമൃത്’ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ പൊളിച്ച റോഡുകൾ ജൂൺ ഒന്നിനുമുമ്പ് പൂർവസ്ഥിതിയിലാക്കണമെന്ന് നഗരസഭ കർശന നിർദേശം നൽകി. ഇല്ലെങ്കിൽ കരാറുകാർക്ക് പണം നൽകേണ്ടതില്ലെന്നും നഗരസഭ തീരുമാനിച്ചു.
നഗരസഭാധ്യക്ഷ കെ.ജാനകിദേവിയുടെ അധ്യക്ഷതയിൽച്ചേർന്ന ജലഅഥോറിറ്റി ഉദ്യോഗസ്ഥരുടെയും കൗൺസിലർമാരുടെയും കരാറുകാരുടെയും യോഗത്തിലാണ് നിർദേശം നൽകിയിട്ടുള്ളത്.
ജലഅഥോറിറ്റിക്കും കരാറുകാർക്കുമെതിരേ യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു. നിലവിൽ പദ്ധതിയേറ്റെടുത്ത കരാറുകാർ റോഡുകൾ കീറിമുറിച്ച് പൈപ്പിട്ട് മണ്ണിട്ടുപോവുകമാത്രമാണ് ചെയ്യുന്നത്. ഇത് വാഹനങ്ങളുടെ സഞ്ചാരത്തിനും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി കൗൺസിലർമാർ പറഞ്ഞു.
മിക്ക റോഡുകളുടെയും സ്ഥിതി ഇതുതന്നെയാണ്. റോഡുകളുടെ തകർച്ച പരിഹരിക്കാൻ നിരവധിതവണ കരാറുകാരോട് കൗൺസിലർമാരും പൊതുജനങ്ങളും ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ലെന്ന് ആക്ഷേപമുയർന്നു. ഇതിനുപിന്നാലെയാണ് നഗരസഭ യോഗംവിളിച്ചത്.