ഭാരതപ്പുഴയിലെ തടയണകളിലെല്ലാം ജലസമൃദ്ധി
1423020
Friday, May 17, 2024 1:30 AM IST
ഷൊർണൂർ: തടയണകളിലെല്ലാം ജലസമൃദ്ധി, കുടിവെള്ളക്ഷാമത്തിന് അറുതി വന്നതോടെ മലമ്പുഴഡാം അടച്ചു. ലക്കിടി, മീറ്റ്ന, ഷൊർണൂർ തടയണകളിലെല്ലാം ഇപ്പോൾ ജലസമൃദ്ധിയുണ്ട്.
മലമ്പുഴവെള്ളത്തിനൊപ്പം മഴ കൂടി എത്തിയതോടെയാണ് ഭാരതപ്പുഴയിൽ നീരൊഴുക്കുണ്ടായത്.
മാസങ്ങളായി കുടിവെള്ളത്തിനുൾപ്പെടെ ക്ഷാമം നേരിട്ടിരുന്ന പ്രദേശങ്ങൾക്കെല്ലാം ആശ്വാസമാണ് ഭാരതപ്പുഴയുടെ നിറക്കാഴ്ച.
അതേസമയം ഷൊർണൂർ തടയണയിലെ വെള്ളം ചോരുന്നെന്ന പരാതിയും ഉയരുന്നുണ്ട്. തടയണയിലെ മണൽപ്പരപ്പു മാറി വെള്ളം പരന്നൊഴുകിത്തുടങ്ങി. വെള്ളം ആവശ്യത്തിന് സംഭരിച്ചുനിർത്തിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയും മലമ്പുഴ അണക്കെട്ടുതുറന്ന് വെള്ളം എത്തിയതുമാണ് പുഴയുടെ നിറവിനു കാരണം. രണ്ടാഴ്ച കൂടുമ്പോഴാണ് ഷൊർണൂരും സമീപപഞ്ചായത്തുകളിലും വെള്ളം ലഭിച്ചിരുന്നത്.
കടുത്ത നിയന്ത്രണത്തിനിടെ എല്ലാ സ്ഥലങ്ങളിലേക്കും ടാങ്കർലോറികളിൽ വെള്ളമെത്തിച്ചിരുന്നെങ്കിലും ദിവസങ്ങളുടെ ഇടവേളകളിലാണ് നൽകിയിരുന്നത്.
തടയണ നിറഞ്ഞതോടെ അടുത്തദിവസം മുതൽ ആവശ്യത്തിനു വെള്ളം വിതരണം ചെയ്യാനാകും. ജല അഥോറിറ്റി പൈപ്പുകളിലൂടെ നിയന്ത്രണത്തോടെ കുടിവെള്ളം വിതരണം ചെയ്തുതുടങ്ങി. കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുമുണ്ട്.