വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾമാത്രം ; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി അധികൃതർ
1423018
Friday, May 17, 2024 1:30 AM IST
ഷൊർണൂർ: മധ്യവേനലവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി വിലയിരുത്തി വകുപ്പധികൃതർ.
വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണികളും നവീകരണവുമടക്കമുള്ള കാര്യങ്ങൾ ഇതിനകം പരിശോധനക്ക് വിധേയമാക്കിക്കഴിഞ്ഞു.
വിവിധ സ്കൂളുകളിൽ വിദ്യാർഥികളെ കൊണ്ടു പോകുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും പുരോഗമിക്കുകയാണ്. ജൂൺ മൂന്നിന് ആകർഷകമായ പ്രവേശനോത്സവത്തോടെ പുതിയ അധ്യയന വർഷത്തിനു തുടക്കമാകും. ഇതിന്റെ ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്.
സ്കൂൾ തുറക്കുന്ന സമയത്തുതന്നെ പാoപുസ്തകങ്ങളും വിതരണത്തിനെത്തിക്കും. പാലക്കാട് ജില്ലയിൽ 21 ലക്ഷത്തിലേറെ പുതിയ പുസ്തകങ്ങളാണ് വിതരണ സജ്ജമായിട്ടുള്ളത്.
ഷൊർണൂർ ബുക്ക് ഡിപ്പോയിൽ ആവശ്യമായ പുസ്തകങ്ങൾ എത്തിയിട്ടുണ്ട്. സ്കൂളിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും തുറക്കുംമുമ്പ് എല്ലാ സ്കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും മുന്തിയ പരിഗണനയാണ് ഇത്തവണ നൽകിയിട്ടുള്ളത്.
ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണമെന്നും ഉപയോഗ ശൂന്യമായ വാഹനങ്ങൾ നീക്കണമെന്നും കേടായ ഫർണിച്ചറും മറ്റുപകരണങ്ങളും നീക്കം ചെയ്യുകയോ പ്രത്യേക മുറിയിൽ സൂക്ഷിക്കുകയോ വേണമെന്നും നിർദ്ദേശമുണ്ട്. സ്കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗുകൾ, വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കണം.
സ്കൂൾ ബസുകളും മറ്റു സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.
ചട്ടങ്ങൾ ലംഘിച്ച് വിദ്യാർഥികളെ കയറ്റിപ്പോകുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമ നടപടികളും സ്വീകരിക്കും.