മുപ്ലിവണ്ടിനെ തുരത്താൻ വരച്ചുവരച്ചു മടുത്തു
1423017
Friday, May 17, 2024 1:30 AM IST
വടക്കഞ്ചേരി: വീടിനുചുറ്റും ലക്ഷ്മണരേഖകൾ വരച്ചാണ് ഇപ്പോൾ മലയോര മേഖലയിലെ ജനങ്ങൾ രാത്രികാലങ്ങളിൽ കഴിയുന്നത്.
രണ്ട് വേനൽമഴ കനത്തു പെയ്തതോടെ മുപ്ലിവണ്ട് എന്ന ചെറുചെള്ള് നിറഞ്ഞ് ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായി. ഭക്ഷണം പാകംചെയ്യാനോ സ്വൈര്യമായിരുന്ന് കഴിക്കാനോ രാത്രി കുറച്ചു സമയം ഉറങ്ങാനോ കഴിയാത്ത സ്ഥിതിയിലാണു ജനങ്ങൾ.
മറ്റുപല ജീവികൾക്കും വംശനാശം സംഭവിക്കുമ്പോഴും കോട്ടെരുമ എന്നും എരുമമൂട്ട എന്നും കരിചെള്ള് എന്നൊക്കെ പേരുള്ള ഈ മുപ്ലിവണ്ട് ഓരോ വർഷവും പെരുകുന്നതായാണ് കാണുന്നത്.
രാത്രിയിൽ ലൈറ്റിടാനോ ടിവി കാണാനോ കഴിയില്ല. വെളിച്ചം കണ്ടാൽ കൂട്ടത്തോടെ പറന്നെത്തും. വീടിനുള്ളിലേക്ക് ചെറിയൊരു ദ്വാരം മതി അതിലൂടെ നൂറുകണക്കിനു വണ്ടുകൾ കയറും. ഓടിട്ടതോ ഓലവീടോ ആണെങ്കിൽ വീട് പൂട്ടി സ്ഥലം വിടുന്നതാകും നല്ലത്. അത്രയേറെ ശല്യക്കാരാണിവ.
ശരീരത്തിലൂടെ കയറിയാൽ അലർജിയും മണവുമൊക്കെയായി വലിയ അസ്വസ്ഥതയാണ്. കുട്ടികളാണ് ഏറെ വിഷമിക്കുന്നത്.
മൂക്കിൽ പഞ്ഞി വയ്ക്കാറായി എന്നൊക്കെ തമാശയായി പറയുമെങ്കിലും രാത്രി ഉറങ്ങുമ്പോൾ മൂക്കിലും ചെവിയിലുമെല്ലാം പഞ്ഞി വച്ചില്ലെങ്കിൽ ഇവ കയറി ജീവൻ തന്നെ അപകടത്തിലാക്കും.
പാറ്റകളെ തുരത്താൻ കടയിൽ നിന്നും വാങ്ങാൻ കിട്ടുന്ന കീടനിയന്ത്രണ ചോക്ക് ഉപയോഗിച്ച് വണ്ടുകൾക്കു നിയന്ത്രണരേഖ വരച്ചാണ് ഇപ്പോൾ ആളുകൾ വീടുകളിൽ കഴിയുന്നത്.
വണ്ടുകൾ ഈ വരകൾ മുറിച്ചു കടന്നാൽ ചത്തുവീഴുന്ന സ്ഥിയുണ്ട്. ഇതല്ലാതെ ഇവയെ തുരത്താൻ എളുപ്പവഴികൾ ഇല്ലെന്നാണ് മലയോരവാസികൾ പറയുന്നത്.