ശാന്തിനിലയം ഓർമകളിലേക്ക്
1422791
Thursday, May 16, 2024 1:04 AM IST
മംഗലം ശങ്കരൻകുട്ടി
ഒറ്റപ്പാലം: ഖാദി പ്രസ്ഥാനത്തിനു ഊടും പാവും നെയ്ത ശാന്തിനിലയത്തിന് "അകാല മൃത്യു'. ലെക്കിടിപേരൂർ പഞ്ചായത്തിലെ പതിനെട്ടാം വാർഡിലാണ് ശാന്തിനിലയം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ നൂൽനൂൽപ്പ് കേന്ദ്രം അഥവാ നെയ്ത്തു കേന്ദ്രമുള്ളത്.
രണ്ടു പതിറ്റാണ്ടു മുൻപുവരെ ഏകദേശം ഇരുനൂറോളം വനിതകൾക്കു തൊഴിൽ നൽകിയിരുന്നു ഈ പ്രസ്ഥാനം.
ഗാന്ധിജിയുടെ സ്വദേശി സങ്കല്പത്തിൽ ആകൃഷ്ടരായ ഒരു പറ്റം ദേശസ്നേഹികളാണ് സ്ത്രീശക്തീകരണം ലക്ഷ്യമിട്ടു ലക്കിടിയിൽ ശാന്തിനിലയത്തിനു പതിറ്റാണ്ടുകൾക്കുമുമ്പ് തുടക്കം കുറിച്ചത്.
മികച്ച രീതിയിൽ മുന്നേറിയ ഈ സ്ഥാപനം ഒരുകാലത്ത് പ്രദേശത്തെ സ്ത്രീകളുടെ മുഖ്യ തൊഴിൽകേന്ദ്രവും വരുമാന സ്രോതസുമായിരുന്നു. നിരവധി സ്ത്രീകൾ ഇവിടെ ജോലി ചെയ്തിരുന്നു.
ഖാദി പ്രസ്ഥാനത്തിന് മുതൽക്കൂട്ടായിരുന്ന ഈ പ്രസ്ഥാനമാണ് ഇന്ന് ഈ ദുർഗതി നേരിടുന്നത്. ഇതിന്റെ കെട്ടിടം പൂർണമായും തകർച്ചയിലാണ്. വരാനിക്കുന്ന വർഷകാലം അതിജീവിക്കാൻ ഓടുമേഞ്ഞ കെട്ടിടത്തിനാവില്ല.
കെട്ടിടം തകർന്നുകൊണ്ടിരിക്കുമ്പോൾതന്നെ ഇവിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായും മാറിയിട്ടുണ്ട്. കെട്ടിടവും ഇതിന്റെ ഉടമസ്ഥതയിലുള്ള സ്ഥലവുമെല്ലാം അന്യംനിന്ന സ്ഥിതിയിലാണ്. മൂന്നേക്കറോളം വരുന്ന ഭൂമിയും കെട്ടിടവും ഖാദിഗ്രാമ ഉദ്യോഗഭവനു കീഴിലാണ്. അധികൃതർ വികസനപാതയിൽ ചിന്തിച്ചിരുന്നുവെങ്കിൽ പ്രദേശത്തെ തൊഴിൽസ്ഥാപനത്തിന് ഈ അധോഗതി വരില്ലായിരുന്നു.
ദീർഘവീക്ഷണത്തോടെ പദ്ധതികൾ തയാറാക്കി സ്ഥാപനത്തെ രക്ഷിക്കാൻ ആരും തയാറായില്ല. ഖാദി പ്രസ്ഥാനങ്ങളുടെ നിലനിൽപ്പ് അവതാളത്തിലായതോടുകൂടിയാണ് ശാന്തിനിലയത്തിനും തിരിച്ചടി നേരിട്ടത്. വീണ്ടും മികച്ച തൊഴിലിടമായി ശാന്തിനിലയത്തെ മാറ്റാൻ അധികൃതർ മനസുവച്ചാൽ മാത്രംമതി. തുണി നെയ്ത്തറിയാവുന്നവരും പഠിക്കാൻ താത്പര്യമുള്ളവരുമായ നിരവധി സ്ത്രീകൾ ഇപ്പോഴും പരിസരപ്രദേശങ്ങളിലുണ്ട്.