കൊപ്രയുടെ താങ്ങുവില പദ്ധതി പ്രകാരം പച്ചത്തേങ്ങ സംഭരിക്കും
1422790
Thursday, May 16, 2024 1:04 AM IST
പാലക്കാട്: സ്വാശ്രയ കർഷക സമിതികൾ വഴി കൊപ്രയുടെ താങ്ങുവില പദ്ധതിപ്രകാരം കർഷകരിൽനിന്നും പച്ചത്തേങ്ങ സംഭരിച്ച് കൊപ്രയാക്കി നാഫെഡിന് കൈമാറുമെന്നു പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്‍സിലിന്റെ അഗളി, കടന്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കരിന്പുഴ, കോട്ടായി, മലന്പുഴ, പെരുമാട്ടി, പുതുപ്പരിയാരം, വടകരപതി, വാണിയംകുളം, വിയ്യകുറിശ്ശി എന്നീ സ്വാശ്രയ കർഷകസമിതികൾ വഴിയാണ് സംഭരണം,
സംഭരണവുമായി ബന്ധപ്പെട്ട് നാഫെഡിന്റെ ഇ-സമൃദ്ധി പോർട്ടലിൽ രജിസ്റ്റർ ചെയ്ത കർഷകർക്കു മാത്രമേ താങ്ങുവിലപ്രകാരം ആനുകൂല്യം ലഭിക്കൂ.
ഇതിലേക്കായി കർഷകരുടെ ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, ഭൂനികുതി രസീത് എന്നിവയുടെ പകർപ്പ്, കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് എന്നിവ കർഷകർ ഹാജരാക്കണം.
സ്വാശ്രയ കർഷകസമിതികളിൽ കൊപ്രയാക്കുന്നതിനു വേണ്ടി പച്ചത്തേങ്ങ നൽകുന്ന കർഷകന് ഒരു കിലോഗ്രാം പച്ചത്തേങ്ങക്ക് 30.132 രൂപ സ്റ്റേറ്റ് ലെവൽ ഏജൻസികൾ കർഷകരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. 3.868 രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് ഈ പോർട്ടൽ മുഖേനയും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായോ വിഎഫ്പിസികെ കർഷക സമിതി ഉദ്യോഗസ്ഥരുമായോ ബന്ധപ്പെടാമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ഫോണ്‍: 0491 2505075.