വാളയാർ-ചേർത്തല പാതയിൽ ലൈൻ ട്രാഫിക് നടപ്പിലാക്കിയില്ല
1417879
Sunday, April 21, 2024 6:29 AM IST
വടക്കഞ്ചേരി: റോഡപകടങ്ങൾ ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമായി കൊണ്ടുവന്ന ലൈൻ ട്രാഫിക് ഇനിയും നടപ്പിലാക്കാനാകുന്നില്ല. പല ഭാഗത്തായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതല്ലാതെ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനാകുന്നില്ലെന്നാണ് ആക്ഷേപം.
ഇതിനാൽ വടക്കഞ്ചേരി - മണ്ണുത്തി ആറുവരിപ്പാതയിലെ രാത്രിയാത്ര അപകട മുനമ്പിലാണിപ്പോഴും. ഒരു ഭാഗത്തേക്കുള്ള മൂന്നുവരി പാതയിൽ ഇടതു ലൈൻ ഏതു സമയവും ചരക്കു ലോറികൾ നിർത്തിയിടുന്ന സ്ഥിതിയാണ്. ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
വാളയാർ മുതൽ ചേർത്തല വരെയുള്ള റോഡിൽ ലൈൻ ട്രാഫിക് കർശനമായി നടപ്പാക്കിയിട്ടുണ്ടെന്ന് അധികാരികൾ അവകാശപ്പെടുമ്പോഴും ദേശീയ പാതയിൽ ഇത് പ്രകടമാകുന്നില്ല.
ലൈൻ ട്രാഫിക് പാലിക്കുന്നത് റോഡ് കൈയേറി നടത്തുന്ന അനധികൃത പാർക്കിംഗിൽ മാത്രമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. തൃശൂർ, പാലക്കാട് ലൈനിൽ പല ഭാഗത്തും ഇത്തരം അനധികൃത പാർക്കിംഗുണ്ട്. ചരക്കു വാഹനങ്ങളാണ് കൂടുതലും മൂന്ന് വരി പ്പാതയിലെ ഇടത് ലൈനിൽ നിർത്തിയിട്ട് ഗതാഗതം തടസപ്പെടുത്തുന്നത്. പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപം ഏത് സമയവും ഇത്തരത്തിൽ ചരക്കു വാഹനങ്ങളുടെ നീണ്ട ലൈനുകളാണ്.
അധികൃതരുടെ മൗനാനുവാദവും ഇതിനുണ്ടെന്നാണ് ആക്ഷേപം. ഇത്രയേറെ വാഹനങ്ങൾ റോഡ് കൈയേറി കടകൾക്കു മുന്നിൽ നിർത്തിയിടുന്നതുവഴി കച്ചവടം ഉറപ്പാക്കി കൊടുക്കുന്നതിനുള്ള പ്രത്യുപകാരവും ചിലർക്കൊക്കെ ഉണ്ടെന്നാണ് ആക്ഷേപം.
പാത ഒഴിവാക്കി വാഹനം നിർത്തിയിടണമെന്ന് നിർദേശം നൽകാൻപോലും അധികൃതർ ഇവിടെ തയാറല്ല. എല്ലാ റോഡുകളിലും കീപ്പ് ലെഫ്റ്റ് നടപ്പിലാക്കാനാണ് ലക്ഷ്യമെന്നായിരുന്നു ഒന്നര വർഷം മുമ്പ് പന്നിയങ്കരയിൽ ലൈൻ ട്രാഫിക് പദ്ധതി ഉദ്ഘാടനം ചെയ്ത് ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞിരുന്നത്. വേഗതകുറഞ്ഞ വാഹനങ്ങൾ പാതയുടെ ഇടതു ഭാഗത്തെ ലൈനിലൂടെയും വേഗത കൂടിയവ വലത് ട്രാക്കിലൂടെയും പോകണം.
സ്പീഡ് ലൈൻ മറ്റൊരു വാഹനത്തെ മറിക്കടക്കാൻ മാത്രം ഉപയോഗിക്കുക എന്നതായിരുന്നു നിർദേശം. ഒരു മാസത്തിനുള്ളിൽ തന്നെ ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിച്ചുകൊണ്ടുള്ള വാഹനഗതാഗതം ദേശീയ പാതയിൽ നടപ്പിലാക്കുമെന്നുതുടങ്ങി പ്രഖ്യാപനങ്ങൾ പലതുമുണ്ടായി. ഇപ്പോഴും വേഗത കുറഞ്ഞ ചരക്കു ലോറികൾ സ്പീഡ് ലൈനിലൂടെയാണ് പോകുന്ന്. ലൈൻ കീപ്പ് ചെയ്ത് വാഹനം ഓടിക്കണമെന്ന നിർദേശങ്ങളും പാതകളിൽ പാലിക്കപ്പെടുന്നില്ല.
ചരക്കു ലോറികൾ ഏതു സമയവും വെട്ടിച്ച് ട്രാക്ക് മാറി വരാമെന്ന സ്ഥിതിയുള്ളതിനാൽ കാർ ഉൾപ്പെടെയുള്ള വാഹന യാത്രികർക്ക് ഓവർ ടേക്കിംഗ് ഭീതി ജനകമാണ്. സ്വകാര്യ ബസുകളും പലപ്പോഴും രണ്ട് പാതകളിലൂടെയാണ് പോകുന്നത്.
ലൈൻ ട്രാഫിക് സംവിധാനം നടപ്പിലാക്കിയിട്ടുള്ള വടക്കഞ്ചേരി വഴിയുള്ള വാളയാർ-ചേർത്തല പാതയിൽ വാഹനം ഓടിക്കുന്നവർക്കായി ഇടയ്ക്ക് ലഘുലേഖകളെങ്കിലും വിതരണം ചെയ്താൽ കുറച്ചെങ്കിലും വാഹനങ്ങൾ ലൈൻ ട്രാഫിക്കും കീപ്പ് ലെഫ്റ്റും പാലിച്ച് പോകുമായിരുന്നു. അതും ഉണ്ടാകുന്നില്ല.