കളഞ്ഞുകിട്ടിയ അഞ്ചര പവൻ സ്വർണമാല തിരിച്ചുനൽകി
1417525
Saturday, April 20, 2024 1:32 AM IST
നെന്മാറ: കളഞ്ഞുകിട്ടിയ അഞ്ചര പവന്റെ സ്വർണമാല തിരിച്ചു നൽകി പച്ചക്കറി വ്യാപാരി മാതൃകയായി. നെന്മാറ കോതകുളത്തിന് സമീപമുള്ള എഎംബി പച്ചക്കറി വ്യാപാരി സെയ്ത്് മുഹമ്മദ് ആണ് സ്വർണമാല ഉടമസ്ഥയ്ക്ക് തിരിച്ചുനൽകിയത്. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് പച്ചക്കറി കടയ്ക്ക് മുന്പിൽ റോഡിൽ നിന്ന് സ്വർണമാല കളഞ്ഞുകിട്ടിയത്.
നഷ്ടപ്പെട്ട മാല അന്വേഷിച്ച് ആരും എത്താത്തതിനെ തുടർന്ന് നെന്മാറ പോലീസ് സ്റ്റേഷനിൽ മാല ഏൽപ്പിക്കുകയായിരുന്നു. ഇതിനിടെ മാല നഷ്ടപ്പെട്ട കൈപ്പഞ്ചേരി ഇടിയംപൊറ്റ സ്വദേശി പ്രദീഷിന്റെ ഭാര്യ അശ്വതി പോലീസിൽ പരാതിയും നൽകിയിരുന്നു. മാല നഷ്ടപ്പെട്ട സ്ഥലം വ്യക്തമായി അറിയാത്തതിനെ തുടർന്ന് വഴിയിൽ അന്വേഷിക്കാനും കഴിഞ്ഞിരുന്നില്ല. വ്യാപാരി മാല പോലീസിൽ ഏൽപ്പിച്ചതോടെ പരാതിക്കാരിയെ വിളിച്ചുവരുത്തി മാല തിരിച്ചു നൽകി. സത്യസന്ധതയ്ക്ക് മാതൃകയായ വ്യാപാരിയെ പോലീസ് പ്രശംസിച്ചു.