മലയോരമേഖലയിൽ അടയ്ക്ക മോഷണം പതിവാകുന്നു
1416600
Tuesday, April 16, 2024 1:36 AM IST
കല്ലടിക്കോട്: കല്ലടിക്കോടൻ മലയോരമേഖലയിൽ അടയ്ക്ക മോഷണം പതിവാകുന്നതായി പരാതി. കഴിഞ്ഞ ദിവസം കരിമലയിലെ കുഴിഞ്ഞാലിൽ കെ.എ. അഗസ്റ്റ്യന്റെ പറമ്പിൽ പോളീഹൗസിൽ ഉണക്കാനിട്ടിരുന്ന 600 കിലോയോളം വരുന്ന പത്തു ചാക്ക് അടയ്ക്കയാണ് മോഷണം പോയത്. കല്ലടിക്കോട് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മുറുക്കിത്തുപ്പിയിരിക്കുന്നത് കണ്ടതോടെ ഇതര സംസ്ഥാനക്കാരായിരിക്കാമെന്നു പോലീസ് സംശയിക്കുന്നു.
രാത്രിയായാൽ സ്ഥലം ഉടമകൾ വീടുകളിലേക്കു പോകുമ്പോഴാണ് പലപ്പോഴും മോഷണം നടക്കുന്നത്. ആറ്റില വെള്ളച്ചാട്ടം കാണാനായി ധാരാളം സഞ്ചാരികൾ എത്തുന്നതും പതിവാണ്. സഞ്ചാരികൾ എന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളും മോഷ്ടാക്കളും പ്രദേശത്ത് തങ്ങുകയും രാത്രി മോഷണം നടത്തുകയുമാണ് ചെയ്യുന്നത്. വനമേഖലയോടു ചേർന്നുകിടക്കുന്ന ഈ പ്രദേശത്ത് വനവിഭവങ്ങളും മോഷണം പോകുന്നത് പതിവാണ്. മുണ്ടനാടിനിൽ നിന്നും ചുള്ളിയാംകുളത്ത് നിന്നും ആറ്റിലയിൽനിന്നും വരുന്ന റോഡുകൾ കൂട്ടിമുട്ടുന്ന മാവിൻചോട്ടിൽ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.