പാലക്കാട് രൂപത എപ്പാർക്കിയൽ അസംബ്ലിക്കു തുടക്കം
1416599
Tuesday, April 16, 2024 1:36 AM IST
പാലക്കാട്: രൂപതയുടെ രണ്ടാം എപ്പാർക്കിയൽ അസംബ്ലിക്കു മുണ്ടൂർ ഏഴക്കാട് യുവക്ഷേത്ര കോളജിൽ തുടക്കം. തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം നിർവഹിച്ചു.
പരിശുദ്ധാത്മാവാണ് സഭയെ എന്നും നയിക്കുന്നതെന്നും പൗരസ്ത്യസഭകൾ ആരംഭകാലം മുതലേ യോഗങ്ങൾകൂടി തീരുമാനങ്ങളെടുത്തിരുന്ന സഭയാണെന്നും ആഗോളസഭയ്ക്കു ഭാരത സഭ നൽകിയ അതുല്യസംഭാവനയാണ് യോഗങ്ങൾ എന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
ആധുനിക കാലത്ത് സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി വിശ്വാസപ്രഘോഷണം നടത്താൻ നാം സജ്ജരാകണമെന്നും മാർ താഴത്ത് കൂട്ടിച്ചേർത്തു.
അസംബ്ലിയിലൂടെ പാലക്കാട് രൂപതയുടെ വരുന്ന പത്തു വർഷത്തേക്കുളള കർമപദ്ധതി രൂപീകരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത്, മാർ യൂഹാനോൻ തെയഡോഷ്യസ് മെത്രാപ്പോലീത്ത എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
സിസ്റ്റർ ടെസി കാച്ചപ്പിള്ളി ഒപി, തോമസ് ആന്റണി, സോളി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
പാലക്കാട് രൂപതയുടെ സുവർണജൂബിലിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന നാലുദിവസത്തെ അസംബ്ലിയിൽ വിശ്വാസപരിശീലനം, സാമുദായിക ശാക്തീകരണം, പ്രേഷിതപ്രവർത്തനം എന്നീ വിഷയങ്ങളിൽ ക്ലാസുകളും ചർച്ചകളും ഉണ്ടാകും. ഈ വിഷയങ്ങളെക്കുറിച്ച് ഇടവക, ഫൊറോന തലത്തിലും പാസ്റ്ററൽ കൗണ്‍സിലിലും വിശദമായ ചർച്ചകൾ ചെയ്ത റിപ്പോർട്ടുകൾ ക്രോഡീകരിച്ച മാർഗരേഖയും സമ്മേളനത്തിൽ ചർച്ച ചെയ്യും.
പാലക്കാട് രൂപതയിലെ തെരഞ്ഞെടുക്കപ്പെട്ട വൈദികരും സന്യസ്തരും അത്മായരും അടങ്ങുന്ന 107 പേർ അസംബ്ലിയിൽ പങ്കെടുക്കുന്നുണ്ട്. ബിഷപ്പു മാരായ മാർ പോൾ ആലപ്പാട്ട്, മാർ പ്രിൻസ് പാണേങ്ങാടൻ, മാർ ടോണി നീലങ്കാവിൽ എന്നിവരും വിവിധ ദിവസങ്ങളിൽ സമ്മേളനത്തിൽ സംബന്ധിക്കും.
അടുത്ത പത്തു വർഷത്തേക്കുളള രൂപതയുടെ കർമപദ്ധതിയും സമ്മേളനത്തിൽ ചർച്ച ചെയ്യും.
വികാരി ജനറാൾ മോണ്‍. ജീജോ ചാലയ്ക്കലിന്റെയും കണ്‍വീനർമാരായ ഫാ. മാത്യു ഇല്ലത്തുപറന്പിലിന്റെയും ഫാ. അരുണ്‍ കലമറ്റത്തിന്റെയും വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് അസംബ്ലി പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് രൂപത പിആർഒ അറിയിച്ചു.