മാങ്ങയും ചക്കയുമില്ലാത്ത വിഷുക്കാലം
1416111
Saturday, April 13, 2024 1:29 AM IST
പാലക്കാട്: വിഷു വിപണിയിൽപോലും ചക്കയും മാങ്ങയും കിട്ടാനില്ല. പാലക്കാട്ടുകാർക്ക് ഇത്തവണ ഇവയൊന്നുമില്ലാത്ത വിഷുക്കാലം.
ജില്ലയിൽ ചൂട് 45 ഡിഗ്രിയിൽ കത്തിയെരിയുന്നതും കാലവസ്ഥയിലെ മാറ്റവുമാണ് മാങ്ങ, ചക്ക ഉത്പാദനത്തിനു വിലങ്ങുതടിയായത്. തോട്ടങ്ങളിൽ മാത്രമല്ല, വീട്ടുപറന്പുകളിലും ഇത്തവണ കായ്ഫലം വളരെ കുറവാണ്.
പൂവിടാൻ മടിക്കുന്ന മാവുകളെയും കായ് പിടിക്കാത്ത പ്ലാവുകളെയും നോക്കി നെടുവീർപ്പിടുകയാണ് കർഷകരും കച്ചവടക്കാരും.
തുലാമഴയ്ക്കു ശേഷം നവംബർ, ഡിസംബർ മാസങ്ങളിൽ മണ്ണിലെ ഈർപ്പംകുറഞ്ഞ് വരണ്ടു തുടങ്ങുമ്പോഴാണ് മാവുകളും ചക്കയും കായ്ച്ചു തുടങ്ങുക. ഇത്തവണ സംസ്ഥാനത്ത് പലയിടത്തും ഈ മാസങ്ങളിൽ ശക്തമായ മഴയുംകാറ്റും ലഭിച്ചു. ഇത് പരാഗണത്തിന് തടസമായിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
നിറയെ ചക്കകൾ കായ്ച്ചിരുന്ന പ്ലാവുകളിൽപലതിലും ഒരു ഇടിച്ചക്കപോലും കായ്ക്കാതെ നിൽക്കുകയാണ്. മൂപ്പെത്തിയ ചക്ക തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലേക്കാണ് അധികവും കയറ്റിവിടുന്നത്.
100 രൂപയായിരുന്നു കഴിഞ്ഞവർഷം ഒരു ചക്കയ്ക്ക് നൽകിയിരുന്നത്.
മലയോരമേഖലയിൽ കാട്ടാനശല്യംകാരണം ചക്കകൾ മൂപ്പെത്തുംമുമ്പ് നശിപ്പിച്ചുകളയുന്നതും പ്ലാവുകൾ വെട്ടിക്കളയുന്നതും ഉത്പാദനത്തെ ബാധിക്കുമ്പോൾ വിഷു വിപണിയിൽ മാങ്ങയുടെയും ചക്കയുടെയും ലഭ്യതക്കുറവ് കർഷകരെ മാത്രമല്ല വ്യാപാരികളിലും ആശങ്ക തീർക്കുന്നതാണ്.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നാട്ടിൻപുറങ്ങിലെ മാവുകളിൽ നിന്ന് മാങ്ങ വിപണിയിലെത്താറുണ്ട്. ഇത്തവണ മാർച്ച് മാസത്തിലാണ് പലയിടങ്ങളിലും മാങ്ങയും ചക്കയും കായ്ച്ചു തുടങ്ങിയത്, അതും നാമമാത്രം.
ഇത്തവണ 20 ശതമാനം മാങ്ങയാണ് നാട്ടിൻപുറങ്ങളിൽനിന്ന് ലഭിച്ചത്. ആവശ്യക്കാരുണ്ടെങ്കിലും മാങ്ങ സുലഭമായി കിട്ടാനില്ലെന്നു കച്ചവടക്കാരും പറയുന്നു.
കണ്ണിമാങ്ങയ്ക്കും കടുത്ത ക്ഷാമമുണ്ടായി. 130 രൂപയാണ് ഒരുകിലോ കണ്ണിമാങ്ങയ്ക്കുള്ളത്.
പുളിയുള്ള മാങ്ങയുടെ കണ്ണിമാങ്ങയ്ക്കാണ് ഏറെ ആവശ്യകത. എല്ലാവർഷവും ഉത്പാദിപ്പിക്കുന്നതിന്റെ മുപ്പതു ശതമാനം മാത്രമാണ് ഇത്തവണ വിഷുവിപണിയിൽ എത്തിയിട്ടുള്ളത്.
തമിഴ്നാടൻ മാങ്ങ എത്തിത്തുടങ്ങിയിട്ടുണ്ടെങ്കിലും വില കൂടുതലാണ്. സ്വന്തം മരത്തിലെ മാങ്ങയും ചക്കയും കണിവയ്ക്കാനുണ്ടാകില്ലെന്ന സങ്കടത്തിലാണ് മിക്കവരും.