ചൂട് കനത്തു; കോഴിക്കർഷകരും പ്രതിസന്ധിയിൽ
1415890
Friday, April 12, 2024 1:30 AM IST
പാലക്കാട് : കാലാവസ്ഥാ വ്യതിയാനത്താൽ വീർപ്പുമുട്ടി കോഴിക്കർഷകർ. മുട്ട, മാംസം ഉത്പാദനത്തിൽ വൻ ഇടിവ് സംഭവിച്ചതോടെയാണ് കർഷകർ കൂടുതൽ വെട്ടിലായത്. ചൂട് വർദ്ധിക്കുന്നതോടൊപ്പം കോഴികളിൽ രോഗബാധയും കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അതിർത്തി കടന്നെത്തുന്ന കോഴികളിലും കർശന പരിശോധനയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നാട്ടിലെ വീടുകളിൽ കോഴിവളർത്തലിൽ ഏർപ്പെട്ടിരിക്കുന്നവർ ധാരാളമുണ്ട്. മുട്ടക്കോഴി, ബ്രോയിലർ കോഴി, നാടൻ കോഴി തുടങ്ങിയ വിവിധ ഇനത്തിലായി വ്യത്യസ്ത ആവശ്യങ്ങൾക്കായി കോഴി വളർത്തുന്നവർ നിരവധിയാണ്.
എന്നാൽ ഇന്നത്തെ മാറുന്ന കാലാവസ്ഥയിൽ കോഴി വളർത്തലിലേക്ക് ഇറങ്ങുന്നവരും നിലവിൽ കോഴി വളർത്തലിൽ ഏർപ്പട്ടിരിക്കുന്നവരും ആശങ്കയിലാണ്. ദിനംപ്രതി ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ മനുഷ്യർക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ പോലെ തന്നെയാണ് വളർത്തു മൃഗങ്ങൾക്കും അനുഭവപ്പെടുന്നത്.
ചൂട് കൂടുന്ന സാഹചര്യത്തിൽ കോഴി വളർത്തലിൽ ഏർപ്പെട്ടിരിക്കുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളി മുട്ട ഉത്പാദനത്തിലെ കുറവും ഇറച്ചി കോഴികളുടെ തൂക്കത്തിലുണ്ടാകുന്ന വ്യത്യാസവുമാണ്. ഈ ചൂട് കാലത്ത് കോഴി ത്തീറ്റയുടെ വിലവർദ്ധനവും കർഷകർക്ക് തിരിച്ചടിയാവുകയാണ്. കോഴി ഫാമുകളിൽ നിന്നുള്ള കോഴികളുടെ വിതരണവും പ്രതിസന്ധിയിലാണ്.
ജില്ലയിലെ താപനില പ്രതിദിനം 40 ഡിഗ്രിക്ക് മുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ കോഴി വളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർ വെറ്റിനറി ഡോക്ടർമാരുടെ നിർദേശങ്ങൾ തേടുകയാണ്്.
ചൂട് കാലത്ത് കോഴികൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും രോഗങ്ങളും തുടങ്ങിയ കാര്യങ്ങിൽ പ്രതിവിധി തേടുകയാണ് കർഷകർ.
അന്തരീക്ഷ താപനില 23 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെ ആണ് കോഴികൾക്ക് ഏറ്റവും അനുയോജ്യമെന്നും 30 ഡിഗ്രി സെൽഷ്യസിൽ നിന്നും താപനില ഉയരുന്പോഴാണ് വളർത്തു കോഴികൾക്ക് ശാരീരിക പ്രശ്നങ്ങൾ പ്രകടമാകുന്നതെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു.