കൊടുംചൂടിന് ശമനമില്ല, വെന്തുരുകി പൊതുജനം
1415889
Friday, April 12, 2024 1:30 AM IST
ചിറ്റൂർ: ദിനംപ്രതി ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ താലൂക്കിലെ ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്.
താലൂക്കിലെ പ്രധാന പാതകൾക്കു സമീപത്തെ ഉണങ്ങിയ ചെടികൾ തീപിടിക്കുന്നത് നിത്യസംഭവമാണ്.
യാത്രക്കാർ അശ്രദ്ധമായിവലിച്ചിടുന്ന സിഗരറ്റു കുറ്റിയും തീപിടിത്തത്തിന് കാരണമാവുന്നുണ്ട്. ഇത്തവണ ഫെബ്രുവരിയിൽ തന്നെ കൊടും ചൂട് ഉണ്ടായതും വേനൽ മഴ ചതിച്ചതും ചെടിത്തൂപ്പുകളും ഉണങ്ങാൻ കാരണമായിരിക്കുകയാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വെയിറ്റിങ്ങ് ഷെഡുകളിലും വഴിയോര കവലകളിലും കുടിവെള്ളം എത്തിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.
മുൻകാലങ്ങളിൽ നാട്ടുപ്രമാണിമാർ യാത്രക്കാർക്കായി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ തണ്ണീർപ്പന്തലുകൾ സ്ഥാപിച്ച് മോരും ശർക്കര വെള്ളവും സേവനത്തിന്റെ ഭാഗമായി നൽകിയിരുന്നു. ഈ സ്ഥലങ്ങളെല്ലാം പിന്നീട് തണ്ണീർപ്പന്തൽ എന്നാണ് അറിയപ്പെട്ടത്. കഴിഞ്ഞ അമ്പത് വർഷത്തിനിടെ ആദ്യമായാണ് താലൂക്കിൽ കൊടും ചൂട് അനുഭവപ്പെടുന്നത്. ഈ നില തുടർന്നാൽ പൊതുജന ജീവിത ദുസ്സഹമാകും.