പൊള്ളിത്തിണർത്ത് നാടും നഗരവും
1415664
Thursday, April 11, 2024 12:59 AM IST
പാലക്കാട്: കൊടുംചൂടിൽ വെന്തുരുകുന്ന ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയ താപനില 41 ഡിഗ്രി സെൽഷ്യസിനും മുകളിൽ.
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് കാഞ്ഞിരപ്പുഴയിലാണ്. 45.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് കാഞ്ഞിരപ്പുഴയിൽ രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്. കാഞ്ഞിരപ്പുഴ ഡാമിൽ ജലസേചന വകുപ്പ് സ്ഥാപിച്ചിരിക്കുന്ന ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിലാണ് 45.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്. ആലത്തൂർ എരിമയൂരിൽ കഴിഞ്ഞ ദിവസം 44.7 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനില രേഖപ്പെടുത്തി.
മുൻ ദിവസവും എരിമയൂരിൽ 44 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. മുണ്ടൂരിൽ 42 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനില രേഖപ്പെടുത്തി. മലമ്പുഴയിൽ 41 ഡിഗ്രി സെൽഷ്യസും. മങ്കരയിൽ 43 ഡിഗ്രി സെൽഷ്യസായിരുന്നു ഉയർന്ന താപനില.
ജില്ലയിലെ ശരാശരി താപനില 43 ഡിഗ്രി സെൽഷ്യസിലേക്ക് എത്തുന്നതിന്റെ സൂചനയാണിത്. പകൽ സമയങ്ങളിലെ കടുത്ത ചൂടിൽ ജനം വലയുകയാണ്.
അതേസമയം കൊടുംചൂടിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്.