കുഴൽക്കിണറിൽനിന്ന് വെള്ളമെടുക്കാനുള്ള സംവിധാനവുമായി യുവ എൻജിനീയർമാർ
1415659
Thursday, April 11, 2024 12:59 AM IST
നെന്മാറ: വേനൽ കടുത്തതോടെ കിണറുകൾ വറ്റിത്തുടങ്ങി. വീട്ടാവശ്യത്തിനും മറ്റുമായി വെള്ളം ശേഖരിക്കാനായി പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് യുവ എൻജിനീയർമാർ. കുഴൽക്കി ണറിൽ നിന്ന് കപ്പിയും കയറും ഉപയോഗിച്ച് വെള്ളം കോരുന്ന സംവിധാനമാണ് എൻജിനീയറിംഗ് ബിരുദധാരികളായ കരിമ്പാറ, ഒറവഞ്ചിറ സ്വദേശികളായ വൈ.സുഹൈലും എ. ഇജാസും ഒരുക്കിയത്. പിവിസി പൈപ്പിന്റെ അറ്റത്ത് സാധാരണ പമ്പുകളിൽ ഉപയോഗിക്കുന്ന ഫൂട്ട് വാൽവ് ചുവട്ടിൽ ഘടിപ്പിച്ച് മുകളിൽ കയർ ചെറിയ കമ്പിയിൽ പിടിപ്പിച്ചാണ് വെള്ളം കോരാനുള്ള സംവിധാനം ഉണ്ടാക്കിയത്.
നാലര ഇഞ്ച് ഉള്ള കുഴൽ കിണറിൽ 3 ഇഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പിലാണ് വാൽവ് ഘടിപ്പിച്ച് ബക്കറ്റിന് പകരമായി വെള്ളം കോരാൻ ഉപയോഗിക്കുന്നത്. 12 മുതൽ 15 വരെ ലിറ്റർ വെള്ളം ഒരു പ്രാവശ്യം പൈപ്പ് കൊണ്ട് ഉണ്ടാക്കിയ ബക്കറ്റിലൂടെ ലഭിക്കുന്നുണ്ട്. സാധാരണ ബക്കറ്റ് ഉപയോഗിച്ച കിണറിൽ നിന്നും കോരുന്ന അതേ രീതിയിൽ വാൽവ് ഘടിപ്പിച്ച പിവിസി പൈപ്പ് കുഴൽ കിണറിന് മുകളിൽ സ്ഥാപിച്ച കപ്പിയിലൂടെ കുഴൽ കിണറിന് അകത്തേക്ക് ഇറക്കി വെള്ളം കോരുന്നതാണ് സംവിധാനം.
വൈദ്യുതി കണക്ഷൻ ലഭിക്കാത്ത മലയോരമേഖലകളിലും റബ്ബർ തോട്ടങ്ങളിലെയും ആവശ്യങ്ങൾക്കായാണ് കുഴൽ കിണറിലെ വെള്ളം കോരിയെടുക്കാൻ പി.വി.സി പൈപ്പ് ബക്കറ്റ് സംവിധാനം ഉപയോഗിക്കുന്നത്.
സംഗതി വിജയമായതോടെ വെള്ളം കുറവുമൂലം മോട്ടോർ സ്ഥാപിക്കാൻ കഴിയാത്ത കുഴൽ കിണറുകളിലും സമാന രീതിയിൽ കൂടുതൽ പേർ വെള്ളം കോരാനുള്ള സംവിധാനം ഏർപ്പെടുത്താൻ യുവാക്കളെ സമീപിച്ചു തുടങ്ങി.
കിണറുകളിലെ വെള്ളം വറ്റിയ സ്ഥലങ്ങളിലെ കുഴൽ കിണറുകളിലാണ് ഇത് ഉപയോഗിക്കുന്നത്.
പിവിസി പൈപ്പിന്റെയും ഒരു വാൽവിന്റെയും ചെലവും മാത്രമായതിനാൽ ഒരു ബക്കറ്റിന്റെ വിലയിൽ കാര്യം നടക്കുമെന്ന് യുവ എൻജിനീയർമാർ പറഞ്ഞു.