തത്തമംഗലം ചേമ്പൻകുളത്തിലെ പായൽ നീക്കി ഉപയോഗപ്രദമാക്കണം
1415446
Wednesday, April 10, 2024 1:41 AM IST
തത്തമംഗലം: വൈദ്യുതി ഓഫീസിനു സമീപത്തുള്ള ചേമ്പൻ കുളത്തിൽ പായൽ നിറഞ്ഞത് ഉടൻ നീക്കം ചെയ്യാൻ ബന്ധപ്പെട്ട നഗരസഭ അധികൃതർ തയാറാവണമെന്നാവശ്യം ശക്തം.
വേനൽശക്തമായതോടെ മറ്റുകുളങ്ങൾ വറ്റിയെങ്കിലും ചേമ്പൻ കുളത്തിൽ വെള്ളമുണ്ട്.
കുളത്തിന്റെ മേൽഭാഗം പൂർണമായും പായൽ മൂടിയതിനാൽ വസ്ത്രശുചീകരണത്തിനോ ദേഹ ശുദ്ധിവരുത്താനോ കുളത്തിൽ ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
കുളത്തിലെ മത്സ്യങ്ങൾക്ക് ഓക്സിജൻ ലഭിക്കാതെ ചത്തുമലക്കുമെന്ന ഭീഷണിയുമുണ്ട്.
അഞ്ചുവർഷം മുൻപ് പായൽ കാരണം കുളത്തിലെ മത്സ്യങ്ങൾ ചത്തൊടുങ്ങിയ സംഭവവും നടന്നിട്ടുണ്ട് കുളത്തിനു സമീപമാണ് സ്വകാര്യ ബസുകളും ഇതര വാഹനങ്ങളും പാർക്ക് ചെയ്യുന്നത് ഈ വാഹനങ്ങളിലെ ജീവനക്കാർക്കും കുളത്തിൽ ദേഹശുദ്ധി വരുത്താൻ പായൽ കെട്ട് കാരണം കഴിയുന്നുമില്ല. പ്രദേശത്ത് ചൂട് അനുദിനം വർധിച്ചു വരികയാണ്.
ഈ സാഹചര്യത്തിൽ ചേമ്പൻകുളത്തിലെ മാലിന്യം നീക്കം ചെയ്ത് കൂടുതൽ ജലസംഭരണത്തിന് അധികൃതർ മുന്നോട്ടു വരേണ്ടതായിട്ടുണ്ട്.
വേനൽ സമയങ്ങളിലും ജലം നിറഞ്ഞു കാണുന്ന പ്രദേശത്തെ വലിപ്പം കൂടിയ ജലസംഭരണിയാണ് ചേമ്പൻ കുളം.