മേട്ടുപ്പാളയം- ചെന്താമരനഗർ ബൈപാസ് ഇന്നും കടലാസിൽ
1415274
Tuesday, April 9, 2024 6:06 AM IST
ചിറ്റൂർ: തത്തമംഗലം മേട്ടുപ്പാളയം- ചെന്താമരനഗർ ബൈപാസ് നിർമാണം കടലാസിലൊതുങ്ങി. പതിനഞ്ചുവർഷം മുന്പ് പ്രഖ്യാപനം നടത്തിയതും നിർമാണം ഉടൻ തുടങ്ങുമെന്നു പറഞ്ഞതുമെല്ലാം ജനപ്രതിനിധികളടക്കമുള്ളവർ എല്ലാവരും മറന്ന മട്ടാണ്.
നാടിന്റെ വികസനത്തിനു മുതൽക്കൂട്ടാകുമെന്ന നാട്ടുകാരുടെ പ്രതീക്ഷയാണ് ഇതോടെ അസ്ഥാനത്തായത്. വീതികുറഞ്ഞ തത്തമംഗലം മെയിൻ റോഡിൽ വാഹനസഞ്ചാരം ഏറെ ദുരിതമായതും വിവിധ അപകടങ്ങളിൽ മുപ്പതിലധികംപേർ മരണപ്പെട്ടതുമാണ് ബൈപ്പാസിനു വേണ്ടി മുറവിളി ഉയർത്തിയത്.
ബൈപാസിനായി ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് വർഷങ്ങൾക്കു മുൻപുതന്നെ നടപടികൾ സ്വീകരിച്ചിരുന്നു. നിർദിഷ്ട റോഡ് കടന്നുപോകുന്ന പ്രദേശത്തെ വീട്ടുകാർക്കും കൃഷിക്കാർക്കും നഷ്ടപരിഹാരം വരെ നിശ്ചയിക്കപ്പെട്ടിരുന്നു. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലാണ് സ്ഥലമെടുപ്പും നിർമാണ പ്രവർത്തക സമിതിയും രൂപീകരിച്ചത്.
എന്നാൽ ഇടയ്ക്കിടെ വകുപ്പ് അധികൃതർ ഉടൻ നിർമാണം തുടങ്ങുമെന്ന് വാചക കസർത്തു നടത്തിയതൊഴിച്ചാൽ പ്രായോഗിക നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. ബൈപാസ് നിർമാണത്തിനു സർക്കാർ നേരത്തെ തന്നെ ഫണ്ടും അനുവദിച്ചിരുന്നു.
എന്നാൽ ഓരോ മുടന്തൻ ന്യായം നിരത്തി പൊതുമരാമത്ത് വകുപ്പ് ബൈപാസ് നിർമാണം നീട്ടിക്കൊണ്ടുപോവുന്നതിൽ പ്രദേശത്തെ താമസക്കാർക്ക് പ്രതിഷേധം കൂടിവരികയാണ്.
ബൈപ്പാസ് റോഡ് നിർമാണം എന്നു തുടങ്ങുമെന്നോ അവസാനിക്കുമെന്നോ വെളിപ്പെടുത്താതെ അധികൃതരും മൗനം പാലിക്കുകയാണ്.
നിലവിൽ മേട്ടുപ്പാളയത്തു നിന്നും ഒരു കിലോമീറ്റർ ദൈർഘ്യത്തിലുള്ള തത്തമംഗലം ടൗൺപരിധി കടക്കണമെങ്കിൽ വാഹനം ഓടിക്കുന്നയാൾ ഏറെ അഭ്യാസപ്രകടനം നടത്തേണ്ടതുണ്ട്. മേട്ടുപ്പാളയം മുതൽ ഒരു കിലോമീറ്റർ ദൂരമുള്ള പള്ളിമൊക്കു വരെ ടൗണിലൂടെ വാഹനം സഞ്ചരിക്കുന്നത് അപകടം മുന്നിൽ കണ്ടാണ്.
ടാക്സി സ്റ്റാൻഡ് നാലുമൊക്ക് പാതയിൽ ഗതാഗത തടസം വർഷങ്ങളായും ഒഴിയാബാധയായി തുടരുകയാണ്.
യാത്രാവാഹനങ്ങൾക്കു പുറമെ ചരക്കുവാഹനങ്ങളുടെ ആധിക്യം തത്തമംഗലത്തെ വീർപ്പുമുട്ടിക്കുന്നുണ്ട്.
ബൈപ്പാസ് യാഥാർഥ്യമായാൽ പ്രദേശത്തെ തിരക്ക് ഗണ്യമായി കുറയ്ക്കാമെന്നാണ് അധികൃതരുടെയും വിലയിരുത്തൽ. എല്ലാം അനുകൂലമായിട്ടും പദ്ധതി കടലാസിൽ ഒതുങ്ങുന്നതിൽ നാട്ടുകാർക്ക് അമർഷമുണ്ട്.
പുതിയ തീരുമാനങ്ങളുണ്ടായില്ലെങ്കിൽ പ്രക്ഷോഭ സമരങ്ങൾക്കു തയാറാകേണ്ടി വരുമെന്നു നാട്ടുകാർ പറയുന്നു.