പൊതുജന ആരോഗ്യരംഗത്ത് കേരളം മാതൃക: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
1397503
Tuesday, March 5, 2024 1:26 AM IST
പാലക്കാട് : പൊതുജന ആരോഗ്യരംഗത്ത് ലോകത്തിന് തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൊതുജന ആരോഗ്യ മേഖലയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. നല്ലേപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ വരുന്നതോടുകൂടി കൂടുതൽ മികച്ച ചികിത്സാ സംവിധാനങ്ങളും ഇവിടെ ആരംഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. നല്ലേപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ഓണ്ലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യമേഖലയിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയിലും ദേശീയ നീതി ആയോഗ് സൂചികയിലുമെല്ലാം സംസ്ഥാനം ഒന്നാമതാണ്. ഏറ്റവും കുറവ് മാതൃശിശു മരണനിരക്കുള്ള സംസ്ഥാനമാണ് കേരളം. ദേശീയ സാമൂഹിക പുരോഗതി റിപ്പോർട്ടിൽ ആരോഗ്യ പരിചരണത്തിലും പോഷകാഹാരത്തിലും സംസ്ഥാനം മുന്നിലാണ്.
രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാൾവ് മാറ്റിവെക്കൽ ശസ്ത്രക്രിയയും നടത്തിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കി. സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് സർക്കാർ നയം.
എല്ലാവർക്കും മികച്ച ചികിത്സയും ആധുനിക ചികിത്സ രീതികളും സാധ്യമാക്കുന്ന ശുശ്രൂഷ കേന്ദ്രങ്ങളായി സർക്കാർ ആശുപത്രികളെ മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു. ചെറിയ ആരോഗ്യപ്രശ്നങ്ങൾക്കും ആശുപത്രിയിൽ ചികിത്സ തേടുന്ന സ്വഭാവം വളർത്തിയെടുക്കണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി.
നല്ലേപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനാവശ്യമായ ഇടപെടൽ ജനപ്രതിനിധികൾ, പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ നടത്തണം. അസുഖം വന്നാൽ അവ പരിശോധിച്ച് പ്രാരംഭഘട്ടത്തിൽ തന്നെ ചികിത്സ ആരംഭിച്ചാൽ ചെലവ് വലിയ തോതിൽ കുറയും.
സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് തുച്ഛമായ ചികിത്സാ ചെലവ് മാത്രമാണ് സർക്കാർ ആശുപത്രികളിലുള്ളതെന്നും മന്ത്രി പറഞ്ഞു. 115 കോടിയോളം രൂപ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ വികസനത്തിനായി ചെലവഴിക്കാൻ സാധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
ഉദ്ഘാടന പരിപാടിയിൽ പുതുനഗരം ചിറ്റൂർ പൊതുമരാമത്ത് വകുപ്പ് കെട്ടിടം ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.ജെ ഷമീം റിപ്പോർട്ട് അവതരിപ്പിച്ചു. നല്ലേപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന പരിപാടിയിൽ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിഷ, വൈസ് പ്രസിഡന്റ് കെ. സതീഷ്, ജില്ലാ പഞ്ചായത്ത് മെന്പർ മിനി മുരളി, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് പി. അനിത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. മുത്തു, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് മെന്പർ ബിന്ദു വിജയൻ, കോഴിക്കോട് സൂപ്രണ്ടിംഗ് എൻജിനീയർ സി.കെ. ഹരീഷ്കുമാർ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ലീന പി. നായർ എന്നിവർ പങ്കെടുത്തു.